Image: Reuters, Manorama
ലോകത്തെമ്പാടും ജനന നിരക്കില്‍ വലിയ തോതിലുള്ള ഇടിവെന്ന് പഠനറിപ്പോര്‍ട്ട്. എന്നാല്‍ ഈ ഇടിവിന് കാരണക്കാരന്‍ ഐഫോണ്‍ ആണെന്ന കണ്ടെത്തലാണ് കൂടുതല്‍ അമ്പരപ്പിക്കുന്നത്. ഐഫോണ്‍ പുറത്തിറങ്ങിയ 2007 മുതലാണ് ജനന നിരക്കില്‍ കുറവ് സംഭവിച്ചതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു.
1980മുതല്‍ 2007വരെ ജനന നിരക്കിലടക്കം സ്ഥിരതയുണ്ടായിരുന്ന അമേരിക്കയില്‍ 2007നു ശേഷം കുത്തനെ ഇടിവ് സംഭവിച്ചതായി നാഷണല്‍ ബ്യൂറോ ഓഫ് എകണോമിക് റിസര്‍ച്ച് നടത്തിയ പഠനറിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നു. 2024ഓടെ 22ശതമാനമാണ് ജനന നിരക്കില്‍ കുറവ് സംഭവിച്ചത്. ഐഫോണ്‍ ലഭ്യമായ പ്രദേശങ്ങളേയും അല്ലാത്ത പ്രദേശങ്ങളേയും താരതമ്യപ്പെടുത്തിയുള്ള പഠനത്തിലും സമാനമായ കണക്കുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
നേരിട്ടുള്ള സാമൂഹിക ഇടപെടലുകള്‍ കുറഞ്ഞതും ആളുകള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും കമ്പൂട്ടറുകള്‍ക്കും മുന്നിലേക്ക് ചുരുങ്ങിയതുമാണ് ഇതിനൊരു കാരണം. ലൈംഗികതയില്‍ പോലും താല്‍പര്യമില്ലാതായതായും ലൈംഗിക ബന്ധത്തിന് സമയം കണ്ടെത്താതായതായും പഠനം വ്യക്തമാക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈംഗിക ബന്ധമില്ലെങ്കിലും അശ്ലീല വിഡിയോകളുടെ അതിപ്രസരവും മറ്റൊരു കാരണമെന്നാണ് പഠന റിപ്പോര്‍ട്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ച് പോലും കൃത്യമായ വിവരങ്ങള്‍ എടുക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍ സഹായിക്കുന്നുണ്ട്. അതേസമയം അമേരിക്കയില്‍ മാത്രമല്ല 128 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലും സമാനമായ ഫലമാണ് ലഭിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ആരോഗ്യ സംവിധാനങ്ങളിലും സാമ്പത്തിക സാഹചര്യങ്ങളിലുമൊക്കെ വലിയ മാറ്റമാണ് ഉണ്ടായതെങ്കിലും ജനന നിരക്ക് കുറഞ്ഞെന്ന കാര്യത്തില്‍ വ്യക്തതയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
അതേസമയം ഐഫോണ്‍ മാത്രമാണ് പ്രധാന പ്രതിയെന്ന് പറയാനാവില്ലെങ്കിലും ഒരു പ്രധാന ഘടകമായി കാണാമെന്നുമാണ് ഗവേഷകരുടെ നിലപാട്.