പ്രതീകാത്മക ചിത്രം
36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഞ്ഞുങ്ങളെ മാറിപ്പോയെന്ന വെളിപ്പെടുത്തലിനു പിന്നാലെ ആശുപത്രിക്കെതിരെ നിയമപോരാട്ടവുമായി രണ്ട് കുടുംബങ്ങള്‍. വടക്കന്‍ ഡക്കോട്ടയിലെ ഗ്രാന്റണിലുള്ള പ്രാദേശിക ആശുപത്രിയിലാണ് സംഭവം. അപ്രതീക്ഷിതമായി ഇവരില്‍ ഒരാള്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് സംഭവം പുറത്തുവരുന്നത്.
കെയ്ൽ ബൈലിൻ, ജെറമി മോറിസൺ എന്നീ യുവാക്കളുടെ കുടുംബങ്ങളാണ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്. പ്രാദേശിക ആശുപത്രിയായ യൂണിറ്റി മെഡിക്കല്‍ സെന്ററിനെതിരെയാണ് കോടതിയില്‍ കേസ് പുരോഗമിക്കുന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1988 ജനുവരി 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ആ ആശുപത്രിയില്‍ ഈ രണ്ട് കുഞ്ഞുങ്ങള്‍ മാത്രമാണ് ജനിച്ചത്. എന്നാല്‍ ജീവനക്കാരുടെ അശ്രദ്ധയില്‍ കുഞ്ഞുങ്ങളെ മാറിപ്പോയതായും ബന്ധുക്കളല്ലാത്തവര്‍ക്കൊപ്പം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. കെയ്‌ല്‍ ബൈലിന്റെ പക്കലുള്ള ജനന സമയത്തെ ഐഡന്റിഫിക്കേഷന്‍ ബ്രേസ്‌ലെറ്റില്‍ തെറ്റായ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ തങ്ങളിരുവരും സ്വന്തം കുടുംബത്തിലല്ല വളരുന്നതെന്ന് ബോധ്യപ്പെടാതെയായിരുന്നു ഇരുവരുടേയും ജീവിതം. രണ്ട് വര്‍ഷം മുന്‍പ് കെയ്‌ല്‍ ബൈലിന്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഈ രഹസ്യം പുറത്തുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തന്റെ രൂപത്തിനോ സ്വഭാവത്തിനോ താന്‍ വളര്‍ന്ന കുടുംബവുമായി സാമ്യമുണ്ടായിരുന്നില്ലെന്നും ഇരുണ്ട മുടിയുള്ളവരുടെ കുടുംബത്തിൽ സ്വർണത്തലമുടിയുള്ള ഒരേ ഒരാള്‍ താനായിരുന്നുവെന്നും ജെറമി മോറിസണ്‍ പറയുന്നു.
ഇങ്ങനെയൊരു പിഴവ് ആശുപത്രി വരുത്തിയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കൊളറാഡോയില്‍ താമസിക്കുന്ന താന്‍ വടക്കന്‍ ഡക്കോട്ടയിലെ സ്വന്തം കുടുംബത്തോടൊപ്പം കൃഷിയൊക്കെ ചെയ്ത് ജീവിക്കുമായിരുന്നുവെന്നും ഏറെ വൈകാരികമായി ജെറമി പറയുന്നു. യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയെങ്കിലും യുവാക്കള്‍ പരസ്പരം ഇതുവരെ കണ്ടിട്ടില്ല. ആശുപത്രിയുമായി ഒരു വര്‍ഷമായി നടത്തിയ നഷ്ടപരിഹാരത്തിനായുള്ള പോരാട്ടം പരാജയപ്പെട്ടതോടെയാണ് ഇരുകുടുംബവും കോടതിയെ സമീപിച്ചത്. എന്നാല്‍ തങ്ങൾക്ക് ഇതിൽ നിയമപരമായ ഉത്തരവാദിത്തമില്ലെന്നാണ് ആശുപത്രിയുടെ നിലപാട്. കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ കോടതിയെ സമീപിച്ചിരിക്കുകയാണ്.