ലോകഭൂപടത്തില്‍ നിര്‍ണായക തിരുത്തല്‍ വരുത്താനുള്ള യുഎന്‍ പൊതുസഭ പ്രമേയത്തെ എതിര്‍ത്ത് അമേരിക്ക. 164 രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നീക്കത്തെ പിന്തുണച്ചപ്പോള്‍ അമേരിക്ക മാത്രമാണ് എതിര്‍പ്പ് വ്യക്തമാക്കിയത്. 16ാം നൂറ്റാണ്ട് മുതല്‍ ഉപയോഗത്തിലിരിക്കുന്ന പരമ്പരാഗത മെര്‍ക്കേറ്റര്‍ ഭൂപടത്തിനു പകരം ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വിസ്തൃതി കൃത്യമായി അടയാളപ്പെടുത്തുന്ന ‘ഈക്വൽ എർത്ത്’ (Equal Earth) ഭൂപടം ഔദ്യോഗികമായി അംഗീകരിച്ച് യു.എൻ പൊതുസഭ പ്രമേയം പാസാക്കി. ഇതിനിടെയിലാണ് എതിര്‍പ്പുമായി അമേരിക്ക രംഗത്തെത്തുന്നത്.
ആഫ്രിക്കൻ രാജ്യമായ ടോഗോയും ഫ്രാൻസും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. നിർദ്ദേശത്തെ 164 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ അമേരിക്ക എതിർത്തു വോട്ട് ചെയ്തു. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. 1569ൽ ഫ്ലെമിഷ് ഭൂപട നിർമാതാവായ ജെറാർഡസ് മെർക്കേറ്റർ രൂപകൽപ്പന ചെയ്ത ഭൂപടമാണ് നിലവിൽ വിദ്യാലയങ്ങളിലും ഔദ്യോഗിക ആവശ്യങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്നത്. അന്ന് സമുദ്രസഞ്ചാരത്തിനായി ദിശ നിര്‍ണയിക്കാനാണ് ഈ ഭൂപടം രൂപകല്‍പന ചെയ്തിരുന്നത്.
Also Read: ‘ആദ്യം ടീച്ചർ വസ്ത്രമഴിച്ചു; പിന്നാലെ എന്‍റേതും’; താന്‍ അധ്യാപികയുമായി ബന്ധമുള്ള എട്ടാമനെന്ന് വിദ്യാര്‍ഥി
എന്നാല്‍ ഇത് പിന്നീട് ദ്വിമാന ഭൂപടത്തിലേക്ക് മാറ്റിയപ്പോള്‍ വടക്കൻ അർദ്ധഗോളത്തിലെ രാജ്യങ്ങളുടെ വലുപ്പം അമിതമായി കാണിക്കുകയും മധ്യരേഖയോട് ചേർന്നുള്ള ഭാഗങ്ങളെ ചെറുതാക്കുകയും ചെയ്തു. വിസ്തൃതിയുടെ കൃത്യമായ അനുപാതം നല്‍കി രേഖപ്പെടുത്താനാണ് പുതിയ ഭൂപടം രൂപകല്‍പന ചെയ്യുന്നത്. ആദ്യ ഭൂപടത്തിലെ വലുപ്പവൈകല്യം ഇല്ലാതാക്കാനാണ് നിലവിലെ ശ്രമം.
അങ്ങനെ വരുമ്പോള്‍ ആഫ്രിക്കയ്ക്ക് വലുപ്പം വര്‍ധിക്കുകയും യൂറോപ്പിനും വടക്കന്‍ അമേരിക്കയ്ക്കും വലുപ്പം കുറയുകയും ചെയ്യും. ഇതാണ് പുതിയ ഭൂപടത്തിനെതിരെ അമേരിക്ക രംഗത്തുവരാന്‍ കാരണം. ആദ്യ ഭൂപടത്തില്‍ ഗ്രീന്‍ലന്‍ഡിന് ആഫ്രിക്കയ്ക്ക് സമാനമായ വലുപ്പം തോന്നിച്ചിരുന്നു. എന്നാല്‍ ആഫ്രിക്കയുടെ യഥാര്‍ത്ഥ വലുപ്പം ഗ്രീന്‍ലാന്‍ഡിനേക്കാള്‍ 14മടങ്ങ് കൂടുതലാണ്.
ഭൂപടത്തിന്റെ നവീകരണം അനിവാര്യമാണെന്നും ഭൂപടങ്ങൾ വെറും ചിത്രങ്ങളല്ലെന്നും അവ വിദ്യാഭ്യാസത്തെയും കൂട്ടായ കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നവയാണെന്നും ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡസി പറയുന്നു. തെറ്റായ ഭൂപടങ്ങൾ തലമുറകളിലേക്ക് തെറ്റായ വിവരങ്ങളാണ് കൈമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമേയത്തെ രൂക്ഷമായ ഭാഷയിലാണ് അമേരിക്ക വിമർശിച്ചത്. 16-ാം നൂറ്റാണ്ടിലെ ഭൂപടങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത തകർക്കുമെന്നും യഥാർത്ഥ ആഗോള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്നും യു.എസ് പ്രതിനിധി യാരിന ഫെറൻസെവിച്ച് ആരോപിച്ചു. എന്നാൽ ചരിത്രപരമായ തിരുത്തലാണിതെന്ന് പ്രമേയത്തെ പിന്തുണച്ച ഫ്രാൻസ് വ്യക്തമാക്കി. നിലവിലെ ഭൂപടത്തിൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും അനാവശ്യമായ ദൃശ്യപ്രാധാന്യം ലഭിക്കുന്നുണ്ടെന്നും, പുതിയ ഭൂപടം ഉപയോഗിക്കുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷാങ് നോയൽ ബാരോട്ട് പ്രഖ്യാപിച്ചു. കാർട്ടോഗ്രാഫർ ബോജൻ സാവ്രിച്ചിന്റെ നേതൃത്വത്തിൽ 2018-ൽ തയാറാക്കിയതാണ് ‘ഈക്വൽ എർത്ത്’ ഭൂപടം. ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ ഇത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് ആഗോളതലത്തില്‍ വിലയിരുത്തപ്പെടുന്നത്.