black-bear

Image Credit @RTN

TOPICS COVERED

കരിങ്കരടി(Black Bear)യുടെ ആക്രമണത്തില്‍ കാനഡയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മൂന്ന് വര്‍ഷം മുന്‍പ് കാനഡയിലേക്ക് കുടിയേറിയ ഇരുപത്തിയേഴ് കാരനാണ് കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മേയ് എട്ടിനായിരുന്നു സംഭവം. വാന്‍കൂവറിലെ ഒരു മൃഗശാലയിലെ കോണ്‍ട്രാക്റ്റ് ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു. 

ജോലിയുടെ ഭാഗമായി വാന്‍കൂവറില്‍ നിന്നും 850 കിലോമീറ്റര്‍ ദൂരെയുള്ള സാസ്ക്ച്ചെവാനില്‍ എത്തിയതായിരുന്നു ഇയാള്‍. കരടികള്‍ യഥേഷ്ടം വിഹരിക്കുന്ന  പ്രദേശമാണിത്. ജോലിയിലേര്‍പ്പെടുന്നതിനിടെ കരിങ്കരടി പതിയിരുന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. മിക്സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഫൈറ്റര്‍ കൂടിയായ യുവാവ് കരടിയോട് മല്‍പ്പിടിത്തത്തിലേര്‍പ്പെട്ടെങ്കിലും കരടി കീഴ്‌‌പ്പെടുത്തി. ഒടുവില്‍  പ്രദേശവാസികളിലൊരാള്‍  കരടിയെ വെടിവച്ചു വീഴ്ത്തി. എന്നാല്‍ അപ്പോഴേക്കും യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു. 

ബ്രിട്ടീഷ് കൊളംബിയയിലെ പെന്‍ഡിക്ടണില്‍ സഹോദര‌നൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. എംഎംഎയും (മിക്സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ്) ബോക്സിങും ഇഷ്ടപ്പെട്ടിരുന്ന യുവാവ് പ്രൊഫഷണല്‍ ഫൈറ്ററായി മാറാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായാണ്  കാനഡയിലേക്ക് എത്തിയതെന്ന് കുടുംബം വ്യക്തമാക്കി. 

കൊന്ന കരടിയുടെ ജഢം പരിശോധനയ്ക്കായി വെസ്റ്റേണ്‍ കോളജ് ഓഫ് വെറ്ററിനറി മെഡിസിനിലേക്ക് മാറ്റി. ശൈത്യകാല നിദ്രയ്ക്ക് ശേഷം ജൂണില്‍ പുറത്തിറങ്ങുന്ന കരടികള്‍  അക്രമണകാരികളാകുമെന്നും ഇതായിരിക്കാം പൊതുവെ മനുഷ്യനെ ആക്രമിക്കാത്ത കരിങ്കരടിയാണ് ആക്രമിച്ചതുമെന്നുമാണ് അധികൃതരുടെ വിശദീകരണം. സമാനസാഹചര്യത്തില്‍ 2020ലും പ്രദേശത്ത് ഒരാളെ കരടി കൊന്നിരുന്നു. 

ENGLISH SUMMARY:

Malayala Manorama Online News reports a tragic incident where a young Malayali man, was fatally attacked by a black bear in Canada. The 27-year-old, who had immigrated to Canada three years ago and worked as a contract technician at a zoo, was killed while working in an area known for its bear population.