(Photo by MIGUEL MEDINA / AFP)
ഫ്രാന്‍സില്‍ മുന്‍കാമുകിയെ ബലാല്‍സംഗം ചെയ്യുകയും ഏഴു വര്‍ഷത്തോളം അപരിചിതര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്ത 51 കാരന് 25 വർഷം തടവ് ശിക്ഷ. മൂന്ന് കുട്ടികളുടെ അമ്മകൂടിയായ 42 കാരിയായ യുവതിയുടെ പരാതിയിലാണ് 51 കാരനായ ഗില്ലൂം ബുച്ചിക്ക് കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ സഡോമസോക്കിസ്റ്റിക് (മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെയോ അല്ലെങ്കിൽ സ്വന്തം ശരീരത്തെ വേദനിപ്പിക്കുന്നതിലൂടെയോ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന അവസ്ഥ) സെക്സ് ഗെയിമുകള്‍ ഉപയോഗിച്ച് യുവതിയെ മാനിപ്പുലേറ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ബലാല്‍സംഗം ചെയ്യാനായി നിരവധി പുരുഷന്‍മാര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തതായാണ് എഎഫ്പി റിപ്പോര്‍ട്ട് പറയുന്നത്.
2015 മുതല്‍ 2022 വരെയുള്ള ഏഴ് വര്‍ഷമാണ് 42 കാരിക്ക് നരക യാതന അനുഭവിക്കേണ്ടി വന്നത്. ആദ്യമായി പ്രതി സാഡോമസോക്കിസത്തോടുള്ള തന്‍റെ താല്‍പര്യം യുവതിയുമായി പങ്കുവെച്ചപ്പോൾ, ‘തല്ലാനും കെട്ടിയിടാനും’ മാത്രം ആയിരിക്കും എന്നാണ് താൻ ചിന്തിച്ചതായി അവർ പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവിടെവച്ച് നിർത്തുമെന്ന് പ്രതി ഉറപ്പുനൽകിയതായും യുവതി പറയുന്നു. എന്നാല്‍ പിന്നീട് പ്രതിയുടെ പ്രവൃത്തികൾ അക്ഷരാര്‍ഥത്തില്‍ അക്രമം മാത്രമായിരുന്നുവെന്ന് യുവതി കോടതിയില്‍ പറഞ്ഞു. തന്നെ ഉപേക്ഷിച്ചാല്‍ സെക്സ് വിഡിയോകള്‍ പുറത്തുവിടുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയതായും യുവതി വ്യക്തമാക്കി.
ഏഴ് വർഷത്തെ ബന്ധത്തിനിടയില്‍ പ്രതി തന്റെ മേൽ ‘മാനസിക നിയന്ത്രണം’ ചെലുത്തിയതായി യുവതി പറയുന്നു. പിന്നീടങ്ങോട്ട് ബെൽറ്റുകൾ, കട്ടിങ് ബോർഡുകൾ, ഇലക്ട്രിക്കൽ കേബിളുകൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്വാസം മുട്ടിക്കാനും തുടങ്ങിയതായി യുവതി പറഞ്ഞു. ദിവസങ്ങള്‍ കടന്നുപോകുന്തോറും ഞാൻ ഉള്ളിൽ മരിക്കുന്നത് പോലെ എനിക്ക് തോന്നി’ യുവതി കോടതിയില്‍ പറഞ്ഞു. പിന്നീട് ആക്രമണത്തോടൊപ്പം മറ്റ് പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാന്‍ തന്നെ പ്രതി പേരിപ്പിച്ചതായും അവര്‍ പറയുന്നു.
2015 ലെ ഒരു സംഭവം വിചാരണക്കിടയില്‍ അവര്‍ ഓര്‍ത്തെടുത്തു. അന്ന് ക്രിസ്മസ് രാവിൽ ഒരു മോട്ടോർവേ സ്റ്റേഷനിൽ തന്നെ എത്തിച്ച് ‘അപരിചിതർക്ക് സ്വയം സമർപ്പിക്കാൻ’ തന്നോട് പ്രതി ആവശ്യപ്പെട്ടതായി യുവതി പറയുന്നു. അവിടെനിന്നങ്ങോട്ട് സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അപരിചിതർ എന്നിങ്ങനെ നിരവധി പുരുഷന്‍മാര്‍ക്ക് അവളെ കാഴ്ചവച്ചു.
2017-ൽ, മകൾക്ക് ജന്മം നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത അതേ ദിവസം, ഒരു ട്രക്ക് ഡ്രൈവറോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രതി തന്നെ നിർബന്ധിച്ചതായും യുവതി പറഞ്ഞു. ‘487 പുരുഷന്മാര്‍, അതിന് ശേഷം എണ്ണുന്നത് ഞാൻ നിർത്തി, അവരിൽ ചിലരെ ഞാൻ 10 തവണ വരെ കണ്ടിട്ടുണ്ട്’ കോടതിയില്‍ വേദന കടിച്ചമര്‍ത്തി യുവതി പറഞ്ഞു. പ്രതിയുടേയും അപരിചിതരുടേയും നിരന്തര പീഡനം കാരണം താന്‍ ഇപ്പോള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായും യുവതി പറഞ്ഞു.
അതേസമയം, തന്‍റെ പ്രവൃത്തികള്‍ക്ക് യുവതി സമ്മതം നൽകിയതാണെന്നാണ് പ്രതി കോടതിയില്‍ വാദിച്ചത്. അതിജീവിതയെ വേദനിപ്പിക്കുന്നുവെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അയാള്‍ കോടതിയില്‍ പറയുകയുണ്ടായി. എന്നാല്‍ കോടതിയിൽ ഹാജരാക്കിയ നൂറുകണക്കിന് ടെക്സ്റ്റ്, വോയ്‌സ് സന്ദേശങ്ങൾ, താൻ പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ കൊല്ലുമെന്നടക്കം പ്രതി ഭീഷണിപ്പെടുത്തിയതിന് തെളിവായിരുന്നു. ഇരു കക്ഷികളുടെയും വാദം കേട്ട കോടതി പ്രതിക്ക് 25 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. തടവിന്റെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും അനുഭവിച്ച ശേഷമേ പരോളിന് അർഹത ലഭിക്കൂവെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. മാത്രമല്ല കുട്ടികളെ കാണുന്നതില്‍ നിന്നും കോടതി പ്രതിയെ വിലക്കിയിട്ടുണ്ട്.