ഏറെ കാലമായി തായ് പൊലീസിന്‍റെ നോട്ടപ്പുള്ളിയായിരുന്നു മേഘാ ഫ–വാപ്–വാപ് എന്ന ലഹരിക്കടത്തുകാരന്‍. എന്നാല്‍ വാപ്–വാപ് അതീവ ബുദ്ധിശാലിയായിരുന്നു. ഏത് രീതിയില്‍ പിന്തുടരാന്‍ ശ്രമിച്ചാലും ഇയാള്‍ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് കടക്കും. ലഹരി മാത്രമല്ല നിയവിരുദ്ധമായ ചൂതാട്ടത്തിന്‍റെ പ്രധാന കണ്ണിയുമായിരുന്നു ഇയാള്‍. പലതവണ വലയില്‍ വീണിട്ടും വാപ്–വാപ് രക്ഷപ്പെട്ടതോടെ ഇയാളെ പിടികൂടാന്‍ അറ്റ കൈ തന്നെ തായ് പൊലീസിന് പ്രയോഗിക്കേണ്ടി വന്നു.
താ ലുവാങ് ജില്ലയിലെ ലോപി ബുരി പ്രവിശ്യയില്‍ വാപ്–വാപ് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പക്ഷെ ഇയാളെ പിടികൂടണമെങ്കില്‍ കൃത്യമായ പ്ലാനിങ് വേണമെന്ന് പൊലീസിന് ധാരണയുണ്ടായിരുന്നു. അപ്പോഴാണ് ലോപി ബുരിയില്‍ ഒരു ഉല്‍സവമുണ്ടെന്ന സംഭവം പൊലീസിന് ഓര്‍മ വന്നത്. ഈ ഉല്‍സവത്തിന്‍റെ മറവില്‍ വാപ്–വാപിനെ അറസ്റ്റ് ചെയ്യണം. പക്ഷെ വാപ്–വാപിനെ സംരക്ഷിക്കാന്‍ നിരവധി കൂട്ടാളികളുണ്ട്, ഒറ്റപ്പെടുത്തി വേണം പിടികൂടാന്‍.
ഏറെ നേരം ആലോചിച്ച പൊലീസിന് ഒരാശയമുദിച്ചു. പരിപാടിയില്‍ നിരവധി നൃത്തനൃത്യങ്ങളുണ്ടാകും. എന്തുകൊണ്ട് സുന്ദരികളായ സ്ത്രീ നര്‍ത്തകരായി വേഷം കെട്ടി വാപ്–വാപിനെ വളച്ച് ഒറ്റപ്പെടുത്തി പിടികൂടിക്കൂടാ. സിനിമയില്‍ വര്‍ക്കാകുന്ന തന്ത്രമെന്ന് പറഞ്ഞ് പലരും ഇത് തള്ളി. പക്ഷെ ഇത് മാത്രമേ തന്ത്രമുള്ളൂ എന്നായി തന്ത്രം മുന്നോട്ട് വച്ചവര്‍. ഒടുവില്‍ വേഷം കെട്ടാന്‍ തന്നെ പൊലീസ് തീരുമാനിച്ചു.
ഉല്‍സവദിവസമായി. ലിപ്സ്റ്റിക്കും വിഗും മാദകമായ തിളങ്ങുന്ന വസ്ത്രങ്ങളും ധരിച്ച് പുരുഷ പൊലീസുകാര്‍ തെരുവിലേക്കിറങ്ങി. വാപ്–വാപിനെ കണ്ടെത്തി. കുറെ നേരം ഇയാള്‍ക്ക് ചുറ്റുമായി നൃത്തം ചെയ്ത് തന്നെ നിരീക്ഷണം. ഒടുവില്‍ അവസരം ഒത്തുവന്നപ്പോള്‍ വാപ്–വാപിനെ വളഞ്ഞ് അറസ്റ്റ്. തന്നെ സുന്ദരിമാരായ നര്‍ത്തകിമാര്‍ വളയുന്നത് കണ്ട വാപ്–വാപ് അന്തം വിട്ടു. എന്നാല്‍ പിന്നാലെ യൂണിഫോം ധരിച്ച പൊലീസ് വന്നപ്പോഴാണ് താന്‍ പിടിയിലാവുകയാണെന്ന് യാഥാര്‍ഥ്യം വാപ്–വാപിനുണ്ടായത്.
53 മെത്തംഫെറ്റമീന്‍ ടാബ്‍ലെറ്റുകളും ഇത് പാക്ക് ചെയ്യാനായുള്ള ഇരുനൂറോളം പ്ലാസ്റ്റിക്ക് ബാഗുകളും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് വാപ്–വാപുമായി തങ്ങളുടെ നര്‍ത്തക വേഷത്തില്‍ ഫോട്ടോയുമെടുത്തു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ ഫോട്ടോ വൈറല്‍. നിരവധി പേരാണ് പൊലീസിന്‍റെ വെറൈറ്റി അറസ്റ്റിനെ പ്രശംസിച്ച് രംഗത്തുവന്നത്. എല്ലാവരും സുന്ദരിമാരായിരിക്കുന്നുവെന്നും കമന്‍റുകളുണ്ട്. നിലവില്‍ കസ്റ്റഡിയിലാണ് വാപ്–വാപ്