dalit-youth-beaten-to-death-in-odisha-body-found

ഒഡിഷയിലെ കേന്ദ്രപാര ജില്ലയിൽ ഒരാഴ്ച മുന്‍പ് കാണാതായ ദലിത് യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മഹാദേയിപട്‍ന ഗ്രാമവാസിയായ ഗൗരംഗ സേഥി എന്ന ഇരുപത്തിമൂന്നുകാരന്‍റെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഇതേ ഗ്രാമത്തിലെ പ്രതാപ് മഹാകുഡ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് 27നാണ് ഗൗരംഗയെ കാണാതായത്. 29-ന് യുവാവിന്റെ പിതാവ് അരുൺ സേഥി പൊലീസിൽ പരാതി നൽകി. തന്റെ മകനെ ഗ്രാമത്തിലെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച പ്രതാപ് മഹാകുഡയെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മൃതദേഹം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയുമായിരുന്നു. പെട്ടപദ ഗ്രാമത്തിന് സമീപമുള്ള കാട്ടുപൊന്തയിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഷൂസ് പരിശോധിച്ചാണ് ബന്ധുക്കൾ മൃതദേഹം ഗൗരംഗയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ മാസം ഗ്രാമത്തിലെ ചില വാഹനങ്ങളുടെ ചില്ലുകള്‍ ഗൗരംഗ പൊട്ടിച്ചതിലുള്ള വൈരാഗ്യമാണ്. കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇരുമ്പ് വടികളും മുളവടികളും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഗൗരംഗയുടേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎൻഎ (DNA) സാംപിളുകൾ ശേഖരിക്കുമെന്ന് കേന്ദ്രപാര എസ്പി സിദ്ധാർത്ഥ് കഠാരിയ അറിയിച്ചു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

The decomposed body of a 23-year-old Dalit youth, who went missing on May 27, was recovered inside a sack from a bush in Odisha's Kendrapara district. Following a kidnapping and murder complaint filed by the victim's father, the police arrested a villager named Pratap Mahakuda, who confessed to the crime and revealed the location of the body. Preliminary investigations suggest that the suspects brutally assaulted the youth with iron rods and bamboo sticks over a grudge involving damaged vehicle windowpanes. While a recovered shoe helped family members identify the victim, Kendrapara SP Siddharth Kataria stated that DNA sampling will be conducted for conclusive identification as a manhunt continues for five other absconding suspects.