ചൈന ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണ്. പക്ഷേ ഈ വളർച്ചയ്ക്ക് പിന്നിൽ അതിശക്തമായ ജോലി സമ്മർദ്ദവും കടുത്ത മത്സരവുമുണ്ട്. നിരവധി ചൈനീസ് കമ്പനികളിൽ ജീവനക്കാർ ഓവർടൈം ജോലി ചെയ്യുന്നത് പതിവാണ്. എന്നിരുന്നാലും, ലോകത്തെ പല ഓഫീസ് ജീവനക്കാരെയും അസൂയപ്പെടുത്തുന്ന ഒരു പ്രത്യേക സംസ്കാരം ചൈനീസ് ഓഫീസുകളിലുണ്ട് — ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം.
അതെ, ലഞ്ച് കഴിഞ്ഞാൽ ജീവനക്കാർക്ക് ഒരു മണിക്കൂർ വരെ ഉറങ്ങാം. ഇത് മടിയെന്നോ ജോലി ഒഴിവാക്കലെന്നോ അല്ല, മറിച്ച് ഉച്ചയ്ക്ക് ശേഷമുള്ള ജോലിക്ഷമത വർധിപ്പിക്കുന്ന ഒരു പ്രായോഗിക രീതിയായിട്ടാണ് ചൈനീസ് കമ്പനികൾ കാണുന്നത്.
സാധാരണയായി ഉച്ചയ്ക്ക് 12 മുതൽ ഒരു മണിയോ രണ്ട് മണിയോ വരെയാണ് ലഞ്ച് ബ്രേക്ക്. ഭക്ഷണം കഴിഞ്ഞുള്ള സമയം ജീവനക്കാർ ചെറിയൊരു ‘പവർ നാപ്’ എടുക്കാനാണ് ഉപയോഗിക്കുന്നത്. അതിനായി ഓഫീസുകളിൽ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചിലർ ഡെസ്കിനടിയിൽ സൂക്ഷിച്ചിരിക്കുന്ന മടക്കാവുന്ന കസേരകളിലോ യോഗ മാറ്റുകളിലോ കിടന്നുറങ്ങും. അലിബാബ പോലുള്ള വലിയ കമ്പനികൾ ജീവനക്കാർക്കായി പ്രത്യേക ‘നാപ് റൂമുകൾ’ വരെ ഒരുക്കിയിട്ടുണ്ട്.
ഈ സമയത്ത് ഓഫീസ് ലൈറ്റുകൾ പോലും ഓഫ് ചെയ്യും. എല്ലാവരും പൂർണ്ണ നിശബ്ദത പാലിക്കും. ഈമെയിലുകളോ അടിയന്തര മീറ്റിങ്ങുകളോ ഒന്നുമുണ്ടാകില്ല. ഉറക്കസമയത്ത് മീറ്റിംഗ് വിളിക്കുന്നത് മോശം പെരുമാറ്റമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
രാവിലെ 9 മുതൽ രാത്രി 9 വരെ, ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യേണ്ട ‘996’ പോലുള്ള കടുത്ത തൊഴിൽ സംസ്കാരത്തിന്റെ സമ്മർദ്ദം അതിജീവിക്കാൻ ഈ ചെറിയ ഉച്ചയുറക്കം വലിയ സഹായമാണെന്നാണ് ജീവനക്കാർ പറയുന്നത്. ജോലി കൂടുതൽ കാര്യക്ഷമമായി ചെയ്യാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും ഈ ശീലം സഹായിക്കുന്നുവെന്നാണ് പല കമ്പനികളുടെയും വിലയിരുത്തൽ.