ആഘോഷങ്ങളില്‍ ഫോട്ടോയെടുക്കണം എന്നത് ഇക്കാലത്തെ ഏറ്റവും വലിയ ട്രെന്‍ഡുകളില്‍ ഒന്നാണ്.ലൈക്കുകളും കമന്‍റുകളും നേടാന്‍ ഫോട്ടോകള്‍  സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും പതിവാണ്. എന്നാല്‍ എല്ലാ ഫോട്ടോകളും ഒരുപോലെയായാല്‍ ഒരു രസമില്ല. അതുകൊണ്ട് വെറൈറ്റി പിടിക്കാനാണ് ആളുകളുടെ ശ്രമം. അത്തരത്തില്‍ വളരെ വെറൈറ്റി ആയ ഒരു ഫോട്ടോഷൂട്ടാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കാറ്റ് ഡലേയ് എന്ന യുവതി ഈയടുത്താണ് കോളജില്‍ നിന്നും  ബിരുദം കരസ്തമാക്കിയത്. ഇത് ആഘോഷിക്കേണ്ട അവസരമാണല്ലോ. അങ്ങനെ കാറ്റ് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ആഘോഷത്തിന്‍റെ ഫോട്ടോ പങ്കുവച്ചു. എന്നാല്‍ കാറ്റ് പങ്കുവച്ച ഫോട്ടോകള്‍ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആളുകള്‍.  

14അടിയോളം നീളമുള്ള ചീങ്കണ്ണിയെ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും വാലില്‍ പിടിക്കുന്നതുമെല്ലാമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. കാറ്റിനെ ഒറ്റയടിക്ക് വിഴുങ്ങാന്‍ കെല്‍പ്പുള്ള കൂറ്റന്‍ ചീങ്കണ്ണിയുടെ ചുണ്ടത്ത് കാറ്റ് ഉമ്മവയ്ക്കുന്നതും കാണാം. ടെക്സാസ് ബ്യൂമോണ്ടിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ പഠനത്തിനോടൊപ്പം ജോലി ചെയ്ത് പോകുകയാണ് കാറ്റ്. മകെന്‍സി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം കരസ്തമാക്കിയതിന് പിന്നാലെയായിരുന്നു ഫോട്ടോഷൂട്ട്. 

ചിത്രത്തിലെ ചീങ്കണ്ണിക്ക് നൂറ് വയസിനടുത്ത് പ്രായമുണ്ട്. മൃഗസംരക്ഷണ കേന്ദ്രത്തിലെ മറ്റ് ജീവികളുടെ കൂടെയുള്ള ചിത്രങ്ങള്‍ കാറ്റ് സ്ഥിരമായി തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും ഈ ഫോട്ടോഷൂട്ട് അല്‍പം കൂടിപ്പോയോ എന്നാണ് ചിലര്‍ കമന്‍റില്‍ രേഖപ്പെടുത്തുന്നത്. ഒരു ദിവസം കാറ്റ് ഫോട്ടോസ് ഇടുന്നത് നിര്‍ത്തും അന്ന് അവര്‍ മരിച്ചെന്ന് കണക്ക് കൂട്ടണമെന്നടക്കം കമന്‍റുകളുണ്ട്. എന്നാല്‍ അധികം പേരും യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചാണ് കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

 

ENGLISH SUMMARY:

Unique graduation photos are going viral, showcasing a young woman's daring photoshoot with a 14-foot alligator. This unusual celebration of earning a degree has sparked both admiration for her bravery and concern among social media users.