AI Image

ഫൊട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആരെങ്കിലും പറഞ്ഞാല്‍ 'പീസ്' ചിഹ്നത്തില്‍ കൈ കാണിച്ച് നില്‍ക്കുന്നത് നിങ്ങളുടെ ശീലമാണോ? എന്നാല്‍ ഇനിയല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. എഐയുടെ സഹായത്തോടെ ചിത്രങ്ങളില്‍ നിന്ന് ഫിംഗര്‍പ്രിന്‍റ് പകര്‍ത്താന്‍ കഴിയുമെന്നും ഇത് പലവിധ സുരക്ഷാപ്രശ്നങ്ങളും ഉണ്ടാക്കിയേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മറ്റൊരാളുടെ ബയോമെട്രിക് വിവരം വളരെ എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ ഇത്തരം ചിത്രങ്ങളില്‍ നിന്ന് കഴിയുമെന്ന് സുരക്ഷാ വിദഗ്ധനായ ലീ ചാങ് സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞു.

കൈവിരലുകള്‍ നേരിട്ട് ക്യാമറയില്‍ പതിയുകയും ലെന്‍സിന്‍റെ ഒന്നര മീറ്റര്‍ പരിധിയില്‍ നിന്ന് പകര്‍ത്തുകയുമാണെങ്കില്‍ വിരലടയാളം എളുപ്പത്തില്‍ കൈക്കലാക്കാമെന്നാണ് ലീ പറയുന്നത്. മൂന്ന് മീറ്റര്‍ അകലെ നിന്നുള്ള ചിത്രത്തില്‍ നിന്നുവരെ വിശദാംശങ്ങള്‍ ശേഖരിക്കാനായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സാധാരണ കാഴ്ചയില്‍ ബ്ലര്‍ ആയി കാണുന്ന വിരലടയാളം പോലും എഐ സങ്കേതങ്ങള്‍ ഉപയോഗിച്ച് കൃത്യത വരുത്താമെന്നും ഇത് സാമ്പത്തിക തട്ടിപ്പിനും, ആള്‍മാറാട്ടത്തിനും ഹാക്കര്‍മാര്‍ ഉപയോഗിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പ്.

എഐ സഹായത്തോടെയുള്ള ഹാക്കിങ് വര്‍ധിക്കുന്നതായി ഗൂഗിളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെമിനൈ, ഓപ്പണ്‍ എഐ, ക്ലൗഡ് തുടങ്ങിയ എഐ മോഡലുകളുടെ വിദഗ്ധമായി ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ വിലസുന്നതെന്നും ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സദുദ്ദേശത്തോടെയല്ലാതെ ഉപയോഗിച്ചാല്‍ സര്‍ക്കാരുകള്‍ക്കും, സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ആഗോള സുരക്ഷയ്ക്കും വരെ എഐ സങ്കേതങ്ങള്‍ ഭീഷണിയായേക്കാമെന്ന് ആന്ത്രോപിക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആന്ത്രോപികിന്‍റെ ഏറ്റവും പുതിയ എഐ മോഡലായ മിതോസ് പൊതുജനങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതിനുള്ള കാരണമായാണ് കമ്പനി ഇത് ചൂണ്ടിക്കാട്ടിയത്.

ENGLISH SUMMARY:

Cyber security experts have issued a warning against posing for photographs with the popular "Peace" or "Victory" sign, as hackers can now steal fingerprints from these images using AI. Security researcher Li Chang revealed that high-resolution photos taken within a 1.5 to 3-meter distance provide enough detail for biometric data extraction. Even if the fingerprint lines appear blurred to the naked eye, advanced AI tools can enhance the image to replicate the print accurately. Tech giants like Google have also flagged the rising misuse of AI models for financial fraud and identity theft. Highlighting these extreme global security risks, AI safety company Anthropic recently withheld the public release of its latest model, Mythos, to prevent potential cyber abuse.