Image: X
മസാജ് പാര്‍ലറിന്റെ മറവില്‍ ഒമ്പത് മാസത്തിനിടെ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജന് 13 വര്‍ഷം തടവുശിക്ഷ ലഭിച്ചു. ഒസ്ട്രേലിയയിലെ അഡ്‌ലെയ്ഡിലാണ് സംഭവം. പ്രതി സുമിത് സതീഷ് റസ്തഗിക്ക് അഡ്‌ലെയ്ഡ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന ലൈംഗിക അതിക്രമങ്ങളും, ഇരകൾക്കുണ്ടായ വിട്ടുമാറാത്ത മാനസികാഘാതവും കണക്കിലെടുത്ത് 13 വര്‍ഷത്തെ തടവാണ് ഇയാള്‍ക്ക് വിധിച്ചത്. കൂടാതെ പ്രതിയെ നാടുകടത്താനുള്ള സാധ്യതയും ശക്തമാവുകയാണ്.
പ്രതിയുടെ ക്രിമിനല്‍ മനസ് അങ്ങേയറ്റം ക്രൂരവും നിയന്ത്രിക്കാനാവാത്തതുമാണെന്ന് കോടതി വിലയിരുത്തി. എബിസി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കുമിടെയില്‍ 42 ലൈംഗിക അതിക്രമങ്ങളും 55 രഹസ്യ ക്യാമറ ചിത്രീകരണങ്ങളും ഇയാള്‍ നടത്തിയതായി തെളിഞ്ഞു.
97 കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു കഴിഞ്ഞു. 2011ലാണ് റസ്തഗി ഡല്‍ഹിയില്‍ നിന്നും അഡ്‌ലെയ്ഡിലെത്തിയത്. ലൈസന്‍സില്ലാതെ അനധികൃതമായാണ് ഇയാള്‍ മസാജ് പാര്‍ലര്‍ നടത്തിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തെറാപ്പിസ്റ്റ് യോഗ്യതയും പ്രതിക്കില്ലായിരുന്നുവെന്നും തെളിഞ്ഞു.
റസ്തഗിയെ വിശ്വസിച്ച് പാര്‍ലറിലെത്തിയ സ്ത്രീകളെയെല്ലാം ഇയാള്‍ ഉപദ്രവിക്കുകയും പിന്നാലെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാദം കേള്‍ക്കുന്നതിനിടെ സൗത്ത് ഒസ്ട്രേലിയ ജില്ലാ കോടതി ജഡ്ജി കാര്‍മന്‍ മാറ്റിയോ പറയുന്നു. വിശ്വാസം നേടിയ ശേഷം കുറ്റകൃത്യത്തിന്റെ തീവ്രത കൂട്ടി. ഇരകളുടെ അടിവസ്ത്രങ്ങളിൽ കൈവെക്കാനും അവരുടെ സ്വകാര്യ ചിത്രങ്ങൾ രഹസ്യമായി പകർത്താനും തുടങ്ങി. പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണ് പലരും തങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടതു പോലും അറിഞ്ഞതെന്നും ജഡ്ജി വിലയിരുത്തി.
തന്റെ ഹണിമൂണ്‍ കാലത്താണ് റസ്തഗി മസാജിങ്ങിനിടെ ഉപദ്രവിച്ചതെന്ന് ഇരകളായ സ്ത്രീകളിലൊരാള്‍ മൊഴി നല്‍കി. 2022 ജൂലൈയിലെ ഇയാളുടെ ആദ്യ അറസ്റ്റ് മുതൽ ശിക്ഷാ കാലാവധി കണക്കാക്കുന്നതിനാൽ, 2035-ൽ ഇയാൾക്ക് പരോളിന് അർഹതയുണ്ടായിരിക്കും. അതിനുശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനാണ് സാധ്യത.