Representative Image

Representative Image

ഇസ്​ലാമിക് സ്റ്റേറ്റിന്‍റെ ഉന്നതന്‍ അബു ബിലാലിനെ വകവരുത്തിയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തന്‍റെ നിര്‍ദേശപ്രകാരം അമേരിക്കന്‍ സൈന്യം  നൈജീരിയന്‍ സൈന്യവുമായി ചേര്‍ന്ന് നടത്തിയ ദൗത്യത്തിലാണ് ഭീകരനെ വകവരുത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശപ്പെട്ടു. ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ ഭീകരവാദിയെയാണ് അമേരിക്ക ഇല്ലാതാക്കിയതെന്നും ട്രംപ് കുറിച്ചു. 'ഐഎസിന്‍റെ ആഗോള തലവന്‍മാരില്‍ രണ്ടാമനായ അബു ബിലാല്‍ അല്‍ മിനൂകി കരുതിയത് ആഫ്രിക്കയില്‍ ഒളിച്ചിരിക്കാമെന്നാണ്. പക്ഷേ ഓരോ നീക്കവും ഞങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് അയാള്‍ അറിഞ്ഞില്ല' - ട്രംപ് വിശദീകരിച്ചു. 

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഐഎസ് സാന്നിധ്യമുണ്ടെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ട്. 2023 മുതല്‍ അബു ബിലാലിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 'ഇനിമേല്‍ ആഫ്രിക്കയിലെ ജനങ്ങളെ ഭീതിയിലാഴ്ത്താനോ അമേരിക്കയ്ക്ക് എതിരായ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനോ അബു ബിലാലിന് കഴിയില്ല. ഉന്‍മൂല നാശം വരുത്തിയതോടെ ഐഎസ് ആഗോളതലത്തില്‍ തകര്‍ന്നടിഞ്ഞു'വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദൗത്യത്തില്‍ അമേരിക്കയോട് സഹകരിച്ചതിന് നൈജീരിയന്‍ സര്‍ക്കാരിന് ട്രംപ് നന്ദി അറിയിച്ചു. ബോക്കോ ഹറാം ഒരുവശത്തും മറുവശത്ത് ആഭ്യന്തര കലഹങ്ങളും ഐഎസ് ഭീഷണിയുമമായി വലയുകയാണ് നൈജീരിയ. ഇസ്​ലാമിക ഭീകരതയ്ക്കെതിരെ നൈജീരിയന്‍ സര്‍ക്കാര്‍ നിഷ്ക്രിയത്വം പുലര്‍ത്തുന്നുവെന്ന് 2025 മുതല്‍ അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. 2025 ലെ ക്രിസ്മസിനും യുഎസ് നൈജീരിയയുമായി ചേര്‍ന്ന് ഐഎസ് താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുഎസ് സൈന്യത്തെ അമേരിക്ക നൈജീരിയയിലേക്ക് അയയ്ക്കുകയും പരിശീലനം നല്‍കുകയും ചെയ്തത്. 

അതേസമയം, അബു ബിലാലിനെ എങ്ങനെയാണ് വധിച്ചതെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ട്രംപ് തയാറായിട്ടില്ല. 2023ലാണ് അബു ബിലാലിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

ENGLISH SUMMARY:

US President Donald Trump announced that American forces, in a joint operation with the Nigerian military, have eliminated Abu-Bilal al-Minuki, the global second-in-command of ISIS. Posting on Truth Social, Trump described the operation as a meticulously planned and highly complex mission targeted at the world's "most active terrorist." Al-Minuki, a Nigerian national who managed the group's logistics and operational guidance across Africa's Sahel region, had been under US sanctions since 2023. Trump noted that this high-profile elimination severely diminishes ISIS's global operational capabilities and protection for American interests abroad. The president also thanked the Nigerian government for its partnership, marking a major success since the US deployed specialized troops and intelligence support to West Africa to combat growing insurgencies.