മാലദ്വിപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസ്സുവിന്‍റെ വിവാഹേതര ബന്ധ ആരോപണത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ. പത്രപ്രവർത്തകരായ മുഹമ്മദ് ഷഹസാന് 15 ദിവസത്തെയും ലീവൻ അലി നാസിറിന് 10 ദിവസത്തെയും തടവുശിക്ഷയാണ് മാലെയിലെ ക്രിമിനല്‍ കോടതി വിധിച്ചത്. പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിന്റെ മുന്‍ സഹായിയുമായുള്ള വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് ലംഘിച്ചതിനാണ് ഈ നടപടി.
കഴിഞ്ഞ മാര്‍ച്ചില്‍ 'അദദു' എന്ന മാധ്യമം പുറത്തുവിട്ട "ആയിഷ" എന്ന ഡോക്യുമെന്ററിക്ക് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായ പ്രസിഡന്റ് മുയിസ്സുവുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയുടെ അഭിമുഖം ഇതിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമായ നുണകളാണെന്നാണ് പ്രസിഡന്റ് പറഞ്ഞത്. പിന്നാലെ കഴിഞ്ഞ ഏപ്രിലില്‍ അധികൃതര്‍ 'അദദു' റെയ്ഡ് ചെയ്യുകയും ലാപ്ടോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു.
പ്രസിഡന്‍റിന്‍റെ വാർത്താസമ്മേളനത്തിൽ വച്ച് ഈ കേസിനെക്കുറിച്ച് അദദു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യങ്ങളുന്നയിച്ചതാണ് പ്രകോപനമുണ്ടാക്കിയത്. അർദ്ധരാത്രിയില്‍ മുന്‍ സഹായിയെ ഫോൺ വിളികളെക്കുറിച്ചും പ്രസിഡന്റിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിച്ച മുഹമ്മദ് ഷഹസാനെ ജയിലിലടച്ചു. കോടതി വിലക്കിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണ് ലീവൻ അലി നാസിറിനെ ജയിലിലടച്ചത്.
മണിക്കൂറുകൾക്കുള്ളിൽ രഹസ്യമായാണ് വിചാരണ നടത്തിയെന്നും തങ്ങൾക്ക് അഭിഭാഷകരെ കണ്ടെത്താനോ വാദങ്ങള്‍ നിരത്താനോ ഉള്ള അവസരം പോലും നൽകിയില്ലെന്നും മാധ്യമ സ്ഥാപനം വ്യക്തമാക്കി. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് മാധ്യമപ്രവര്‍ത്തകരുടെ തടവിനെ ശക്തമായി അപലപിച്ചു. മാലദ്വീപിന്റെ ജനാധിപത്യ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ശിക്ഷയാണിതെന്നും ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും ഐഎഫ്ജെ പ്രസ്താവിച്ചു.