ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്ന മാലദ്വീപില്‍ 2023 നവംബര്‍ 17നാണ് മുഹമ്മദ് മുയിസു പ്രസിഡന്റായി ചുമതലയേറ്റത്. ഇന്ത്യവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി ചൈനയോട് അടുപ്പം കാട്ടി അധികാരത്തിലേറിയ മുയിസുവിന്റെ വരവോടെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിത്തുടങ്ങി. ഇന്ത്യന്‍ സൈനികരുടെ മാലദ്വീപില്‍ നിന്നുള്ള പിന്‍മാറ്റം, പ്രധാനമന്ത്രി മോദിക്കെതിരായ മാലദ്വീപിലെ മന്ത്രിമാരുടെ അധിക്ഷേപം തുടങ്ങി ഇന്ത്യവിരുദ്ധ നിലപാടുകളായിരുന്നു മുയിസു ചുമതലയേറ്റതിന് പിന്നാലെ കണ്ടുതുടങ്ങിയത്. എന്നാല്‍ ഇന്നോ? രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യ വിരുദ്ധ പ്രക്ഷോഭം നടത്തിയ രാജ്യം ഇന്ന് ഇന്ത്യന്‍ പ്രധാമന്ത്രിക്ക് സ്വാഗതമേകുമ്പോള്‍ അതൊരു മടങ്ങിപ്പോക്കാണ്. ഇന്ത്യ അനുകൂല നിലപാടുകളിലേക്കുള്ള മടങ്ങിപ്പോക്കിന്റെ സൂചനയാണ്.
മോദി ലക്ഷദ്വീപില്‍ (ഫയല്‍)
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം; വിളറി പിടിച്ച മാലദ്വീപ്
ലക്ഷദ്വീപിലേക്ക് മോദി സന്ദര്‍ശനം നടത്തി ബീച്ചില്‍ ഒരു ഫോട്ടോഷൂട്ടൊക്കെ നടത്തിയതോടെയാണ് മാലദ്വീപ് ഇന്ത്യയെ പിണക്കിയാലുള്ള തിരിച്ചടി തിരിച്ചറിഞ്ഞത്. ഇന്ത്യക്കാരായ വിനോദസഞ്ചാരികളുടെ ഒഴുക്ക് മാലദ്വീപിലേക്ക് കുറഞ്ഞതോടെ ശരിക്കും പ്രതിരോധത്തിലായ അവസ്ഥ. അങ്ങനെയാണ് വന്നവഴി മറന്ന മാലദ്വീപ് ഇന്ത്യയുടെ വില തിരിച്ചറിഞ്ഞുതുടങ്ങിയത്.
മുഹമ്മദ് മുയിസു
ഒരിക്കല്‍ ഇന്ത്യയ്ക്കെതിരെ; ഇപ്പോള്‍ മോദിക്കൊപ്പം
ഒരിക്കല്‍ ഇന്ത്യവിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷിയായ തലസ്ഥാനം മാലി നഗരം മോദിക്ക് സ്വാഗതമോതിയ കാഴ്ച ഇന്ത്യ അനുകൂല നിലപാടുകളിലേക്കുള്ള മടങ്ങിപ്പോക്കിന്റെ സൂചനയായിരുന്നു. മുന്‍പെങ്ങുമില്ലാത്തവിധം ഊഷ്മളമായ സ്വീകരണമാണ് മാലിയില്‍ മോദിക്ക് ലഭിച്ചത്. മാലദ്വീപ് പ്രതിരോധമന്ത്രാലയം മോദിയും മുയിസുവും ചേര്‍ന്ന് ഉദ്ഘാടനവും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണെന്നും കടലിനേക്കാള്‍ ആഴത്തിലേറിയതാണെന്നും മോദി പറഞ്ഞു. മാലദ്വീപിന്റെ വികസനത്തിനുള്ള ഏറ്റവും വിശ്വസ്തരായ പങ്കാളിയാണ് ഇന്ത്യയെന്നായിരുന്നു മുയിസുവിന്റെ പ്രതികരണം. വ്യാപാരം, സമുദ്രസുരക്ഷ, പ്രതിരോധം തുടങ്ങിയമേഖലകളിലൂന്നിയായിരുന്നു ഇരുനേതാക്കളുടേയും ചര്‍ച്ച. പകര്‍ച്ചാവ്യാധിയോ പ്രകൃതിദുരന്തമോ എന്തുവന്നാലും മാലദ്വീപിന് സഹായമെത്തിക്കാന്‍ ആദ്യം ഓടിയെത്താറുള്ളത് ഇന്ത്യയാണെന്ന്, മുയിസുവിന്റെ സാന്നിധ്യത്തിലുള്ള മോദിയുടെ പ്രസ്താവന ഒരു ഓര്‍മപ്പെടുത്തലായിരുന്നു. എല്ലാ സഹായവും വാഗ്ദാനം ചെയ്ത മോദി, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമാധാനവും സുസ്ഥിരതയും പൊതുലക്ഷ്യമാണെന്നും ഓര്‍മപ്പെടുത്തി.
അയല്‍ക്കാര്‍ അല്‍പം മോശം!
അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് തലവേദനയുണ്ടാക്കുക മാത്രമല്ല, ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യയ്ക്കെതിരെ നില്‍ക്കാന്‍ സഹായം നല്‍കുന്നതുകൂടി വിദേശകാര്യനയമാക്കി മാറ്റിയ രാജ്യമാണ് ചൈന. ശക്തരായ അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യയെ ബുദ്ധിമുട്ടിലാക്കുകയെന്നത് ചൈനയുടെ നയമായി മാറിയ കാലത്ത്, മാലദ്വീപില്‍ ശക്തിയാര്‍ജിക്കുകയെന്നത് ചൈനയുടെ പ്രധാനലക്ഷ്യമാണ്. മാലദ്വീപ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്കാണെന്ന കീഴ്‍വഴക്കം മുഹമ്മദ് മുയിസു ലംഘിച്ചതും അത്തരമൊരു നീക്കത്തിന്‍റെ ഭാഗമായിരുന്നു. സമുദ്രസംരക്ഷണ കരാര്‍ നീട്ടാന്‍ ഇന്ത്യ ആഗ്രഹിക്കുമ്പോഴും അതില്‍ നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചതും മാലദ്വീപിന്‍റെ ചൈന സ്നേഹത്തോട് കൂട്ടിവായിക്കണം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാണ് മാലദ്വീപ്. അയല്‍ദേശങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലുമൊക്കെ സഹായവാഗ്ദാനവുമായി അങ്ങോട്ടുകയറിച്ചെന്ന് അവിടെയൊക്കെ സൈനികസഹകരണം ഉറപ്പാക്കുകയെന്ന വിശാലലക്ഷ്യത്തിന്‍റെ ഭാഗം തന്നെയാണ് മാലദ്വീപിലെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി നീക്കങ്ങള്‍. അങ്ങനൊരു സാഹചര്യത്തിലാണ് ഇന്ത്യയുമായുള്ള അടുപ്പം അതേപടി നിലനിര്‍ത്താനുള്ള നീക്കം ശ്രദ്ധയാകുന്നത്.
മാലദ്വീപ്
ചരിത്രബന്ധം
1965 ജൂലൈ 26 ന് ബ്രിട്ടിഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യന്‍ മഹാസമുദ്രത്തിലെ കൊച്ചുരാജ്യമാണ് മാലദ്വീപ്. വിനോദസഞ്ചാരമാണ് ഏറ്റവും വലിയ വരുമാനമാര്‍ഗം. രാജ്യത്തെ തൊഴില്‍ മേഖലയില്‍ മൂന്നിലൊന്നും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടത്. മാലദ്വീപ് സ്വതന്ത്രമായതിന് പിന്നാലെ നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പിന്നീടിങ്ങോട്ട് ഇന്ത്യയുടെ സാമ്പത്തിക, നയതന്ത്ര സഹായങ്ങള്‍ എന്നും മാലദ്വീപിനൊപ്പമുണ്ടായിരുന്നു. 1995ല്‍ സ്ഥാപിച്ച ഇന്ദിര ഗാന്ധി മെമോറിയല്‍ ആശുപത്രി, 1996 ല്‍ ഇന്ത്യയുടെ സാമ്പത്തിക സഹായത്താല്‍ സ്ഥാപിതമായ മാലദ്വീപ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ഡിനീയറിങ് ടെക്നോളജി. അങ്ങനെ ഇന്ത്യയുടെ നിലയ്ക്കാത്ത സഹായത്തിന്‍റെ കാഴ്ചകള്‍ കാണാം മാലദ്വീപിലെവിടെയും. 2004 ഡിസംബര്‍ 26 ന് സുനാമി വീശിയടിച്ചപ്പോള്‍ ആദ്യ സഹായഹസ്തം നീണ്ടതും ഇന്ത്യയില്‍ നിന്നായിരുന്നു. അത്തരമൊരു രാജ്യത്തെ പിണക്കി മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവ് വൈകിയെങ്കിലും മുയിസു സര്‍ക്കാരിന് ഉണ്ടായെന്നത് ഇന്ത്യയ്ക്കും ആശ്വാസകരമാണ്.