പലസ്തീനില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാതെ ഇസ്രയേലില്‍ നിന്നുള്ള ഒരു വിനോദ സഞ്ചാരിയെ പോലും രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലന്ന് മാലിദ്വീപ്. ഇസ്രയേല്‍ പാസ്പോര്‍ട്ടിന് വിലക്കേര്‍പ്പെടുത്തിയുള്ള നിയമം മാലിദ്വീപ് പാര്‍ലമെന്റ് ഐകകണ്ഠ്യേനെ പാസാക്കുകയും ചെയ്തു. ഇതില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു ഒപ്പുവച്ചതോടെ വിലക്ക് പ്രാബല്യത്തില്‍ വന്നു. 'പലസ്തീനിലെ ജനങ്ങള്‍ക്കെതിരെ ഇസ്രയേല്‍ തുടരുന്ന വംശഹത്യയിലും അതിക്രമങ്ങളിലും മാലിദ്വീപ് നിലപാട് വ്യക്തമാക്കുകയാണെന്ന് മുയിസുവിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇസ്രയേലി പൗരന്മാരായുള്ളവര്ക്ക് മറ്റേതെങ്കിലും രാജ്യത്തെ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ രാജ്യത്ത് പ്രവേശിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഗാസയില്‍ ഇസ്രയേല്‍ യുദ്ധം കടുപ്പിച്ച സമയത്താണ് മാലിദ്വീപ് മന്ത്രിസഭ ഇസ്രയേല്‍ പാസ്പോര്‍ട്ടിന് വിലക്കേര്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയതെങ്കിലും ഈ ആഴ്ചയാണ് ഔദ്യോഗികമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഫെബ്രുവരിയില്‍ 59 ഇസ്രയേല്‍ പൗരന്മാര് മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് മാലിദ്വീപിലേക്ക് പ്രതിവര്‍ഷം എത്തുന്നത്. ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിനെതിരെ തെക്കനേഷ്യന്‍ രാജ്യങ്ങള്‍ പ്രതിഷേധം പുകയുകയാണ്. പാക്കിസ്ഥാനും ബംഗ്ലദേശും കടുത്ത നിലപാടുകളാണ് സ്വീകരിച്ചത്. ബംഗ്ലദേശിലെ ധാക്കയില്‍ നടന്ന റാലിയില്‍ പ്രതിഷേധക്കാര്‍ ഡോണള്‍ഡ് ട്രംപിന്റെയും നെതന്യാഹുവിന്റെയും പോസ്റ്ററുകളില്‍ അടിച്ചും കത്തിച്ചും പെയിന്റൊഴിച്ചും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
ഞായറാഴ്ച കറാച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ പാക്കിസ്ഥാന് ഇസ്രയേലുമായുള്ള നയതന്ത്രബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരുന്നു. ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധക്കാര്‍ റാവല്‍പിണ്ടിയില്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് റസ്റ്റൊറന്റിന് തീയിട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നു.