Image Credit : Facebook

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയെ ഭാര്യ ബ്രിജിത്ത് വിമാനത്തില്‍ വച്ച് തല്ലിയ സംഭവത്തിന് പിന്നില്‍ ഇറാനിയന്‍ നടിയുമായുളള ബന്ധമാണെന്ന് വെളിപ്പെടുത്തല്‍. ഫ്ലോറിയന്‍ ടാര്‍ഡിഫ് എന്ന ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ 'ആന്‍ (ഓള്‍മോസ്റ്റ്) പെര്‍ഫക്ട് കപ്പിള്‍' എന്ന പുസ്തകത്തിലാണ് വിവാദമായ ആ വിഡിയോക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇമ്മാനുവല്‍ മക്രോ ഇറാനിയന്‍ നടി ഗോള്‍ഷിഫ്‌തേ ഫറഹാനിയും തമ്മില്‍ പ്ലാറ്റോണിക് റിലേഷനിലായിരുന്നെന്നും ഇരുവരും തമ്മിലുളള മൊബൈല്‍ സന്ദേശം കണ്ടതാണ് 73കാരിയായ ബ്രിജിത്തിനെ പ്രകോപിപ്പിച്ചതെന്നും പുസ്കത്തില്‍ പറയുന്നു.

2025 മെയ് 25നായിരുന്നു വിവാദമായ ആ വിഡിയോ സൈബറിടത്ത് ഏറെ ചര്‍ച്ചയായി മാറിയത്. വിയറ്റ്നാം സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയും ഭാര്യ ബ്രിജിത്തും. വിമാനത്തില്‍ നിന്ന് ഇറങ്ങാനൊരുങ്ങിയ മക്രോയെ ഭാര്യ മുഖത്ത് പിടിച്ച് തളളുന്നതാണ് വിഡിയോയിലുളളത്. ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നും വിവാഹജീവിത്തില്‍ പ്രശ്നങ്ങളുണ്ടെന്നുമുളള തരത്തിലുളള അഭ്യൂഹങ്ങള്‍ വിഡിയോ പുറത്തുവന്നതിന് പിന്നാലെ വന്നിരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പോലും ഈ വിഷയത്തെ കുറിച്ച് പരിഹാസരൂപേണ സംസാരിച്ചിരുന്നു.

വിഡിയോ വൈറലായതിന് പിന്നാലെ ഭാര്യ തമാശരൂപേണ ചെയ്തതാണ് അതെന്നായിരുന്നു  മക്രോയുടെ പ്രതികരണം. ഇരുവരും തമ്മില്‍ യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്നും ദമ്പതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാലിപ്പോഴിതാ ബ്രിജിത്തിന്‍റെ ദേഷ്യത്തിന് കാരണം ഭര്‍ത്താവിന്‍റെ വഴിവിട്ട ബന്ധമാണെന്നാണാണ് ഫ്ലോറിയന്‍ ടാര്‍ഡിഫിന്‍റെ പുസ്തകം വ്യക്തമാക്കുന്നത്. മക്രോയും ഫറഹാനിയും തമ്മില്‍ മാസങ്ങളോളം അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പുസ്തകം പറഞ്ഞുവയ്ക്കുന്നത്. 'നിങ്ങളോട് ഭയങ്കര ആകര്‍ഷണം തോന്നുന്നുവെന്ന്' എന്ന് നടി അയച്ച സന്ദേശത്തിന് 'നിങ്ങൾ സുന്ദരിയാണ്' എന്ന് മക്രോ മറുപടി നൽകിയതായും പുസ്തകം വെളിപ്പെടുത്തുന്നു.

വിയറ്റ്നാമില്‍ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് ബ്രിജിത്ത് ഈ സന്ദേശം വായിക്കാനിടയായതും മക്രോയെ പിടിച്ച് തള്ളിയതുമെന്നുമാണ് പുസ്തകം പറയുന്നത്. അതേസമയം ഇമ്മാനുവല്‍ മാക്രോണും ഫറഹാനിയും തമ്മിലുളള ബന്ധം തിരിച്ചറിഞ്ഞതാണ് വിമാനത്താവളത്തിൽ അത്തരമൊരു സംഭവം ഉണ്ടായതെന്ന ആരോപണങ്ങളെ ബ്രിജിത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു.   ഈ വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. മക്രോയുമായുള്ള ബന്ധത്തെക്കുറിച്ച് മുൻപേ നിഷേധിച്ചിട്ടുള്ള നടി ഫറഹാനിയും പുതിയ പുസ്തകത്തിലെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

Emmanuel Macron Brigitte slap incident revelations suggest a connection with an Iranian actress. A book claims Brigitte discovered messages between her husband and actress Golshifteh Farahani, leading to the publicized on-board altercation.