യുക്രെയ്നെതിരായ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ആദ്യം വേണ്ടത് ശാശ്വതമായ സമാധാന കരാറാണെന്നും അതിനുശേഷം മൂന്നാമതൊരു രാജ്യത്തുവച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറെന്നും പുട്ടിന്‍ പറഞ്ഞു. ചര്‍ച്ചകള്‍ സുഗമമാക്കിയതിന് പുട്ടിന്‍ യുഎസിന് നന്ദി പറഞ്ഞു.  മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് തടവുകാരെ കൈമാറണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു. 

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയം ആഘോഷിക്കുന്ന വിജയദിന പരേഡിനു ശേഷം ക്രെംലിനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുട്ടിന്‍. അതേസമയം പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന ചര്‍ച്ചകളോട് പ്രതികരിക്കാതെ ഇറാന്‍. കഴിഞ്ഞ രാത്രിയോടെ മറുപടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. 

യുഎസ് നിര്‍ദേശം ഇറാന്‍ വിലയിരുത്തുകയാണെന്നും ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നുമാണ് മാധ്യമ റിപ്പോര്‍ട്ട്. അതിനിടെ, ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 24പേര്‍കൂടി കൊല്ലപ്പെട്ടു. തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ മൂന്നിടങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലടക്കം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 15പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

ഖത്തറിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഖത്തറിന്റേയും സൗദിയുടേയും വിദേശകാര്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചു. 

Putin Declares End to Ukraine War, Seeks Peace Treaty:

Vladimir Putin states the war in Ukraine is ending and a permanent peace treaty is needed before meeting with Volodymyr Zelenskyy. He also thanked the US for facilitating discussions and acknowledged a US proposal for a three-day ceasefire and prisoner exchange.