ഇറാനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാന്റെ കൈവശം ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം നിലനില്‍ക്കുന്നുണ്ടെന്നും അത് രാജ്യത്തിന് പുറത്തേക്ക് മാറ്റേണ്ടതുണ്ടെന്നും, കൂടാതെ അവരുടെ സൈനിക ശേഷിക്കെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനുണ്ടെന്നും നെതന്യാഹു പറഞ്ഞു.
Also Read: കുവൈത്തിലും ഖത്തറിലും വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം; കപ്പലിന് തീപിടിച്ചു
“ഈ യുദ്ധം വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. പക്ഷേ ഇത് അവസാനിച്ചിട്ടില്ല. ഇറാന്റെ കൈവശം ഇപ്പോഴും സമ്പുഷ്ടീകരിച്ച യൂറേനിയം ഉണ്ട്. അത് പുറത്തേക്ക് മാറ്റണം,” എന്ന് അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിയായ 60 Minutes-ന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
“ഇനിയും പൊളിച്ചുനീക്കേണ്ട സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ ഉണ്ട്. ഇറാന്‍ പിന്തുണയ്ക്കുന്ന പ്രോക്സി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. നിര്‍മിക്കാന്‍ ശ്രമിക്കുന്ന ബാലിസ്റ്റിക് മിസൈലുകളും അവര്‍ക്കുണ്ട്. അതില്‍ വലിയൊരു ഭാഗം ഞങ്ങള്‍ തകര്‍ത്തുവെങ്കിലും എല്ലാം പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഇനി ചെയ്യാനുള്ള കാര്യങ്ങള്‍ ബാക്കിയുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ മുഴുവന്‍ സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരത്തെക്കുറിച്ചാണോ, അല്ലെങ്കില്‍ ആയുധനിര്‍മാണത്തിന് സമീപമുള്ള ഉയർന്ന നിലവാരത്തിലുള്ള യൂറേനിയം ശേഖരത്തെക്കുറിച്ചാണോ അദ്ദേഹം പരാമര്‍ശിച്ചതെന്ന് ആദ്യം വ്യക്തമാക്കിയില്ല. ഇസ്ഫഹാനിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ ഇത്തരം യൂറേനിയം സൂക്ഷിച്ചിരിക്കുന്നതായി കരുതപ്പെടുന്നു.
ഇതിനിടെ ഇറാൻ–യുഎസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ നിർദേശങ്ങൾക്ക് ഇറാൻ മറുപടി നൽകി . പുതിയ നിർദേശത്തിനുള്ള പ്രതികരണം പാക്കിസ്ഥാൻ വഴിയാണ് അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനും ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിന് ഊന്നൽ നൽകിയാണ് ഇറാന്റെ മറുപടിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം , പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ച് ഇന്ന് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ഇറാന്‍ ഡ്രോൺ ആക്രമണ ശ്രമം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയങ്ങൾ സ്ഥിരീകരിച്ചു. ഖത്തർ തീരത്ത് ഡ്രോൺ പതിച്ച് ചരക്ക് കപ്പലിന് തീപിടിച്ചെങ്കിലും ആർക്കും പരുക്കില്ല. തീ നിയന്ത്രണവിധേയമാക്കി കപ്പല്‍ യാത്ര തുടര്‍ന്നു. യുഎഇ ലക്ഷ്യമാക്കി വന്ന രണ്ടു ഡ്രോണുകളെ തടഞ്ഞെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അമേരിക്കയെ പിന്തുണയ്ക്കുന്ന മേഖലയിലെ രാജ്യങ്ങൾ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി