• ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ സിനിമയുടെ ഗുണമേന്മയ്ക്ക് മാത്രമാണ് മുൻഗണന നൽകിയതെന്ന് ജൂറി ചെയർമാൻ ജയരാജ്.

72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ സിനിമയുടെ ഗുണമേന്മയ്ക്ക് മാത്രമാണ് മുൻഗണന നൽകിയതെന്ന് ജൂറി ചെയർമാൻ ജയരാജ് വ്യക്തമാക്കി. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവാർഡ് നിർണ്ണയത്തിൽ രാഷ്ട്രീയം ഒട്ടും പരിഗണിച്ചിട്ടില്ലെന്നും സിനിമകൾ മാത്രമാണ് ജൂറി വിലയിരുത്തിയതെന്നും ജയരാജ് പറഞ്ഞു. മലയാള സിനിമയ്ക്ക് വലിയ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഇത്തവണ കൈവരിക്കാനായത്. അവാർഡ് മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ എത്തിയ ചിത്രങ്ങളിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നുള്ളവയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഡക്ഷൻ ഡിസൈൻ, പോപ്പുലർ സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ മഞ്ഞുമ്മൽ ബോയ്സ് അവസാനഘട്ടം വരെ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നതായി ജയരാജ് പറഞ്ഞു. വൈക്കം വിജയലക്ഷ്മിയുടെ ആലാപന മികവിനെ ജയരാജ് പ്രത്യേകം പ്രശംസിച്ചു. വിജയലക്ഷ്മിയുടെ പാടാനുള്ള കഴിവും ശബ്ദത്തിന്റെ പ്രത്യേകതയും ജൂറി അംഗങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാഴ്ചപരിമിതി ഉള്ള വ്യക്തിയാണ് വിജയലക്ഷ്മി എന്ന് ജൂറി അംഗങ്ങള്‍ പിന്നീട് മനസ്സിലാക്കിയപ്പോൾ അത് കൂടുതൽ അത്ഭുതമായി തോന്നി. അവർക്ക് ലഭിച്ച അംഗീകാരം തികച്ചും അർഹതപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അവാർഡ് നിർണ്ണയത്തിലെ രാഷ്ട്രീയ ഇടപെടൽ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെ, ഇത്തരം വിശദാംശങ്ങൾ വെളിപ്പെടുത്താൻ പരിമിതികളുണ്ടെന്നും, മത്സരത്തിൽ ഏറ്റവും മുന്നിൽ നിന്ന ചിത്രങ്ങളിലൊന്നാണ് അവാർഡ് നേടിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ENGLISH SUMMARY:

Jury Chairman Jayaraj asserted that the 72nd National Film Awards were determined solely based on cinematic quality, categorically denying any political influence in the selection process. He highlighted the significant achievements of Malayalam cinema, noting that a majority of the films in the final selection were from the state. Jayaraj praised Vaikom Vijayalakshmi's exceptional vocal talent and dedication, stating that her award was highly deserved. When questioned about potential political interference, he emphasized that the selection reflected the consensus on the most outstanding films evaluated by the jury.