hanta-virus-ship

കോവിഡ് വ്യാപനത്തോടെ രോഗാണു വൈറസുകള്‍ ലോകരാജ്യങ്ങളുടെ പേടിസ്വപ്നമാണ്. കുറച്ചൊന്നുമല്ല മനുഷ്യരെ കൊറോണ വൈറസ് വെള്ളം കുടിപ്പിച്ചത്. എന്നാല്‍ കോവിഡിന്‍റെ അത്രതന്നെയോ അതിലേറെയോ ഭീകരനായ ഒരു വൈറസിന്‍റെ ഭീതിയിലാണ് ലോകാരോഗ്യസംഘടന.   ആളുകളെ ക്വാറന്‍റൈന്‍ ചെയ്യുന്നതിന് പകരം ഒരു കപ്പലിനെത്തന്നെയാണ്  നടുക്കടലില്‍ ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്നത്. മൂന്നുപേര്‍ മരിച്ചു. മരണത്തിന്‍റെയും ജീവിതത്തിന്‍റെയും സഹയാത്രക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന വൈറസിന്‍റെയും ഭീതിയില്‍ കപ്പലില്‍ കുടുങ്ങിയിരിക്കുകയാണ് 150 ഓളം മനുഷ്യജീവനുകള്‍. 

മാര്‍ച്ചിനാണ് അര്‍ജന്‍റീനിയന്‍ തീരത്ത് നിന്ന് ഡച്ച് ക്രൂയിസ് കപ്പലായ എം.വി.ഹോണ്‍ഡിയസ് 150 യാത്രികരുമായി അന്‍റാര്‍ട്ടിക്കയിലേക്ക് പുറപ്പെട്ടത്. അന്‍റാര്‍ട്ടിക്കന്‍ പര്യവേഷണമായിരുന്നു കപ്പലിന്‍റെ ലക്ഷ്യം. എന്നാല്‍ പര്യവേഷണത്തിനെത്തിയ കപ്പലിന് അധികസമയം അന്‍റാര്‍ട്ടിക്കയില്‍ തുടരാനായില്ല. ഒരു ഡച്ച് ദമ്പതികളിലാണ് അസാധാരണമായ രോഗം ആദ്യം ശ്രദ്ധിച്ചത്. ശ്വാസതടസമായിരുന്നു രോഗലക്ഷണം. എന്നാല്‍ ക്രമേണ ശ്വാസതടസം രൂക്ഷമാവുകയും ഇതിനോടൊപ്പം പനിയും ഛര്‍ദിയുടമടക്കം രോഗികള്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങി. പിന്നീട് ഇത് ന്യുമോണിയയായി മാറുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രോഗം ഏഴുപേരിലേക്ക് പടര്‍ന്നു. 

ആഫ്രിക്കയ്ക്കടുത്തായിരുന്നതിനാല്‍ കപ്പല്‍ ദക്ഷിണാഫ്രിക്കന്‍ തീരത്തേക്ക് തിരിച്ചു. യാത്രാമധ്യേ സെന്‍റ് ഹെലെന എന്ന ദ്വീപില്‍ വച്ച് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത ഡച്ച് ദമ്പതികളിലെ എഴുപതുകാരനായ ഭര്‍ത്താവ് മരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കപ്പല്‍ ദക്ഷിണാഫ്രിക്കന്‍ സമുദ്രാതിര്‍ത്തിയിലെത്തി. എന്നാല്‍ കരയ്ക്കെത്തും മുന്‍പ് മരിച്ച ഡച്ച് പുരുഷന്‍റെ ഭാര്യയ്ക്ക് രോഗം മൂര്‍ച്ചിച്ചു. ദക്ഷിണാഫ്രിക്കയോട് കപ്പല്‍ സഹായമഭ്യര്‍ഥിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ നേവി ഇവരെ സമീപിക്കുകയും രോഗം മൂര്‍ച്ചിച്ച സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്ത്  ജോഹന്നാസ്ബെര്‍ഗില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ മരിച്ചു. ശരീരസ്രവങ്ങളുടെ പരിശോധനയില്‍ നിന്നും ഇവര്‍ക്ക് മനുഷ്യര്‍ക്ക് അതീവഗുരുതരമായ ഹാന്‍റാവൈറസ് പിടിപെട്ടതാണെന്ന് വ്യക്തമായി. ഇതോടെ രോഗവ്യാപനഭീതിയില്‍  കപ്പലിനെ ദക്ഷിണാഫ്രിക്കയില്‍ നങ്കൂരമിടുന്നത് അധികൃതര്‍  തടഞ്ഞു. 

അര്‍ജന്‍റീനയിലും ചിലിയിലും കാണപ്പെടുന്ന അപൂര്‍വ വൈറസാണ് ഹാന്‍റാ വൈറസ്. പ്രധാനമായും എലികളിലൂടെയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. വൈറസിനെതിരെ ഒരു മരുന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് വിഷയത്തിന്‍റെ ജാഗ്രത വര്‍ധിപ്പിക്കുന്നത്. രോഗികളെ വെന്‍റിലേറ്ററിലിടുക രോഗലക്ഷണങ്ങള്‍ ചികില്‍സിക്കുക രോഗം മാറുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുക എന്നതല്ലാതെ വേറെ പ്രതിരോധങ്ങളില്ല. രോഗം ബാധിച്ചവര്‍ക്ക് 50 ശതമാനത്തോളം മരണസാധ്യതയുണ്ട്. വിഷയത്തില്‍ ലോകാരോഗ്യസംഘടനയും ഇതിനോടകം ഇടപെട്ടുകഴിഞ്ഞു.

രോഗം പടരുകയാണെന്നും  എന്തായിരിക്കും തങ്ങളുടെ ഭാവിയെന്ന്  അറിയില്ലെന്നും വ്യക്തമാക്കി കപ്പലിലുള്ള യുഎസ് പൗരന്‍ പുറത്തുവിട്ട വിഡിയോ സാഹചര്യത്തിന്‍റെ ഗൗരവം വെളിവാക്കുന്നതാണ്. കപ്പലില്‍ ഗുരുതരമായി രോഗം ബാധിച്ച രണ്ട് ജീവനക്കാരെ ജോഹന്നാസബെര്‍ഗിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ട്. കപ്പല്‍ കരയ്ക്കടുപ്പിക്കാതെ കപ്പലിലേക്ക് ചെന്ന് ചികില്‍സിക്കാനാണ് അധികൃതരുടെ തീരുമാനം.

ENGLISH SUMMARY:

Hantavirus outbreak on a cruise ship has put the world on alert, with WHO monitoring the situation closely. This deadly virus, spread by rodents, poses a significant threat with no known cure and a high mortality rate.