ചര്‍ച്ചകള്‍ക്ക് വഴങ്ങാതെ നില്‍ക്കുന്ന ഇറാനെ വീണ്ടും ആക്രമിക്കാന്‍ മടിക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസിലെ ഉപരോധം പിന്‍വലിക്കില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ യു.എസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ചു.
ഹോര്‍മുസിലെ ഉപരോധം നീളുകയും ഇറാന്‍ ചര്‍ച്ചയ്ക്ക് എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രതികരണം. ഹോര്‍മുസിലെ യു.എസ് ഉപരോധം ഫലപ്രദമാണെന്നും യു.എസ് നടപടികള്‍ ഇറാനെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമാക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഹോര്‍മുസിന്‍റെ നിയന്ത്രണം ആര്‍ക്കും വിട്ട് നല്‍കില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമനയി വ്യക്തമാക്കി. വീണ്ടും യുദ്ധത്തിന് തുനിഞ്ഞാല്‍ കനത്തപ്രഹരം നല്‍കുമെന്ന് ഐ.ആര്‍.ജി.സിയും പ്രതികരിച്ചു.
ഇറാനുമായുള്ള യുദ്ധം ഇതിനകം അവസാനിച്ചെന്നും അതിനാൽ സൈനിക നടപടി തുടരാൻ കോൺഗ്രസിന്‍റെ അനുമതി ആവശ്യമില്ലെന്നുമാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. 60 ദിവസത്തിലധികം നീളുന്ന സൈനിക നടപടികൾക്ക് യു.എസ് കോൺഗ്രസിന്‍റെ ഔദ്യോഗിക അനുമതി ആവശ്യമാണ്. സൈനിക നടപടി തുടരാന്‍ അനുമതി തേടണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടിരിക്കെ ഇത് ഒഴിവാക്കാനാണ് വൈറ്റ് ഹൗസിന്‍റെ നിലപാടെന്നാണ് സൂചന. അതിനിടെ വെടിനിര്‍ത്തല്‍ നിലനില്‍ക്കെ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.