Image Credit: AFP

Image Credit: AFP

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് സമാധാന നൊബേലിനോടുള്ള 'കൊതി' ലോകപ്രസിദ്ധമാണ്. എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ച തന്നെക്കാള്‍ യോഗ്യന്‍ സമാധാന നൊബേലിന് ആരുമില്ലെന്ന് കഴിഞ്ഞ വര്‍ഷം തുറന്നടിച്ച ട്രംപ് സമ്മാനം കിട്ടാത്തതില്‍ കടുത്ത നിരാശയും പ്രകടിപ്പിച്ചിരുന്നു. വെനസ്വേലക്കാരി മരിയ കൊറീന മച്ചാ‍ഡോയ്ക്കായിരുന്നു പോയവര്‍ഷത്തെ സമാധാന നൊബേല്‍. പുരസ്കാരവുമായി മച്ചാഡോ ട്രംപിനെ കാണാനും എത്തി. ഇക്കുറി ഇതാ സമാധാന നൊബേലിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ട്രംപിന്‍റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് കംബോഡിയ, പാക്കിസ്ഥാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് 'സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍' ട്രംപ് നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തത്. 

287 നോമിനേഷനുകളാണ് സമാധാന നൊബേലിനായി ഇക്കുറി കമ്മിറ്റിക്ക് മുന്നിലെത്തിയിട്ടുള്ളത്. 208 വ്യക്തികളും 79 സംഘടനകളും ഉള്‍പ്പെടുന്നതാണ് പട്ടിക. നിലവിലെ ലോക സാഹചര്യങ്ങളില്‍ സമാധാനത്തിനുള്ള പുരസ്കാരത്തിന്‍റെ പ്രാധാന്യമേറി വന്നിരിക്കുകയാണെന്നും ജേതാവിനെ തിരഞ്ഞെടുക്കുക മുന്‍പെന്നത്തേക്കാളും ശ്രമകരമായിരിക്കുമെന്നും നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

സമാധാന നൊബേലിനെത്തുന്ന നോമിനേഷനുകള്‍ 50 വര്‍ഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. പട്ടിക അതീവ രഹസ്യമാണെങ്കിലും ചില പേരുകള്‍ ഇതിനകം നാമനിര്‍ദേശം ചെയ്തവര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. സുദീര്‍ഘമായ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് സെനറ്റര്‍ ലിസ മുര്‍കോവ്സ്കി, ഗ്രീന്‍ലാന്‍ഡ്–ഡാനിഷ് പാര്‍ലമെന്‍റേറിയന്‍ ആജ ചെംനിത്സ് എന്നിവരെ താന്‍ നാമനിര്‍ദേശം ചെയ്തതായി നോര്‍വീജിയന്‍ നിയമതന്ത്രജ്ഞന്‍ ലാര്‍സ് ഹാള്‍ട്ട്ബ്രെക്കന്‍ വെളിപ്പെടുത്തിയിരുന്നു. 

യുക്രെയ്ന്‍ പ്രസിഡന്റ് സെലിന്‍സ്കിയെയും യുക്രെയ്ന്‍ ജനതയെയും നാമനിര്‍ദേശം ലഭിച്ചവരിലുണ്ട്. ഗ്രേറ്റ ത്യുന്‍ബെര്‍ഗ്, യുഎന്‍ പ്രതിനിധി ഫ്രാന്‍സെസ്ക ആല്‍ബനീസ്, മൊള്‍ഡൊവാന്‍ പ്രസിഡന്‍റ് മേയ സാന്‍ഡു എന്നിവരും പട്ടികയിലുണ്ട്. ഒക്ടോബര്‍ ഒന്‍പതിനാകും ഇത്തവണത്തെ നൊബേല്‍ പുരസ്കാരം പ്രഖ്യാപിക്കപ്പെടുക. ഡിസംബര്‍ പത്തിന് ഓസ്​ലോയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. 

ENGLISH SUMMARY:

Former US President Donald Trump has been nominated for the 2026 Nobel Peace Prize by nations including Israel, Pakistan, and Cambodia for his efforts to end conflicts. The Norwegian Nobel Committee received 287 nominations this year, including 208 individuals and 79 organizations. Other prominent names in the race include Volodymyr Zelenskyy, Greta Thunberg, and UN representative Francesca Albanese. The winner will be announced on October 9.