trump-putin

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ 90മിനിറ്റ് ഫോണ്‍ സംഭാഷണം നടത്തി. ക്രെംലിന്‍ വക്താവ് യുറി ഉഷാകോവ് ആണ് വിവരം പുറത്തുവിട്ടത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു. ഇത് മുന്നോട്ടുള്ള സമാധാന ചർച്ചകൾക്ക് വഴിതുറക്കുമെന്നും  പുടിന്‍ വ്യക്തമാക്കി.

അതേസമയം തന്നെ ഇറാനെതിരെയോ സൗഹൃദരാജ്യങ്ങള്‍ക്കെതിരെയോ അമേരിക്കയോ ഇസ്രയേലോ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം പ്രതീക്ഷിച്ചുകൊള്ളണമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ടും യുക്രെയിന്‍ സാഹചര്യവും ഇരുനേതാക്കളുടേയും ചര്‍ച്ചയില്‍ വന്നു. 

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനായി ഏത് തരത്തിലുള്ള സഹകരണത്തിനും തയാറാണെന്ന് റഷ്യ അമേരിക്കയെ അറിയിച്ചു. യുക്രെയ്‌നിലെ സെലെൻസ്‌കി ഭരണകൂടത്തെക്കുറിച്ച് പുടിനും ട്രംപും സമാനവിലയിരുത്തലുകളാണ് നടത്തിയത്. യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയിന്‍ യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ഇരുനേതാക്കളും ആരോപിച്ചു. 

അതേസമയം തന്നെ മെയ് 9ന് നടക്കുന്ന വിജയദിന ആഘോഷത്തിന്റെ ഭാഗമായി വെടിനിര്‍ത്തലിന് റഷ്യ തയാറാണെന്നും പുടിന്‍ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ ഓര്‍മയിലാണ് റഷ്യ ഈ ദിവസം ആഘോഷിക്കുന്നത്. പുടിന്റെ ഈ നീക്കത്തെ ട്രംപും സ്വാഗതം ചെയ്തു. 

Putin and Trump Discussed Ukraine and Middle East in 90-Minute Call:

The phone call between Vladimir Putin and Donald Trump lasted 90 minutes and covered key international issues. Putin welcomed Trump's decision to extend the ceasefire deal with Iran, signaling potential progress in peace talks.