some-shots-of-fire-tonight-social-media-against-karoline-trump

വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് ഡിന്നറിനിടെ വെടിവയ്പ്പുണ്ടായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിവാദം. വൈറ്റ് ഹൗസ്  പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റിന്‍റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ' നിങ്ങളെയൊക്കെ ഞെട്ടിക്കാന്‍ ട്രംപ് തയാറാണ്. ക്ലാസിക് പ്രസംഗമാകും ഈ രാത്രിയിലേത്. തമാശയും, രസകരവുമാകും. തീ പാറും. അതുകൊണ്ട് എല്ലാവരും ശ്രദ്ധാപൂര്‍വം കാത്തിരിക്കൂ'- (there will be some shots fired tonight)' എന്നായിരുന്നു കരോലിന്‍ പറഞ്ഞത്. പ്രസിഡന്റായ ശേഷം ആദ്യമായി ട്രംപ് പങ്കെടുക്കുന്ന വൈറ്റ്ഹൗസ് കറന്‍സ്പോണ്ടന്‍റ്സ് ഡിന്നറായത് കൊണ്ടു തന്നെ ട്രംപിന്‍റെ വാചകക്കസര്‍ത്ത് ഉണ്ടാകുമെന്ന അര്‍ഥമാണ് കരോലിന്‍ ഉദ്ദേശിച്ചതെങ്കിലും നിമിഷങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ മാറിമറി‍ഞ്ഞു.

ഹില്‍ട്ടന്‍ ഹാളിനടുത്ത് വെടിവയ്പ്പുണ്ടായതും ബോള്‍റൂമിലാകെ പരിഭ്രാന്തി ഉയര്‍ന്നു. ട്രംപിനെയും വാന്‍സിനെയുമെല്ലാം ഞൊടിയിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. വിരുന്നിനെത്തിയവരോട് കസേരയില്‍ നിന്നും നിലത്തേക്ക് മാറൂവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം രണ്ടായിരത്തിലേറെ വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ ഡിന്നര്‍ ടേബിളുകള്‍ക്ക് താഴെ അഭയംതേടി. 

 വെടിവയ്പിന് പിന്നാലെ കരോലിന്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ സംഭവിച്ചുവെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ. പ്രവചനം പോലെയായിപ്പോയല്ലോ എന്നും വല്ലാത്ത പറച്ചിലായി, ശരിക്കും തീ പാറിയിട്ടുണ്ട് , എല്ലാവരും സുരക്ഷിതരാണെന്നതാണ് ആശ്വാസമെന്നും ചിലര്‍ കുറിച്ചു. ഇനി ഇതേച്ചൊല്ലി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 

അക്രമിയെ കീഴടക്കിയെന്നും സീക്രട്ട് സര്‍വീസും പൊലീസും അവരുടെ ജോലി ഭംഗിയായി ചെയ്തുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതിന്‍റെ ചിത്രം ട്രംപ് പുറത്തുവിട്ടു. ഒന്നിലധികം ആയുധങ്ങള്‍ അക്രമിയുടെ കൈവശമുണ്ടായിരുന്നുവെന്നും കലിഫോര്‍ണിയ സ്വദേശിയാണ് അക്രമിയെന്നും ട്രംപ് വെളിപ്പെടുത്തി. അക്രമി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഓടിക്കയറുന്നതിന്‍റെ വിഡിയോയും ട്രംപ് പുറത്തുവിട്ടു.

 കോള്‍ തോമസ് അലന്‍ (31) ആണ് അക്രമിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിചാരിതമായിരുന്നു ആക്രമണം എന്നും ഇതാദ്യമായല്ല തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നതെന്നും ട്രംപ് പറഞ്ഞു. സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന തന്നെപ്പോലെയുള്ളരെയാണ് ഇത്തരം അക്രമികള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബോള്‍റൂമിന് പുറത്താണ് വെടിവയ്പ്പുണ്ടായതെന്നും ആര്‍ക്കും പരുക്കേറ്റതായി വിവരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അത്താഴ വിരുന്ന് മാറ്റി വയ്ക്കുന്നതായും ഒരുമാസത്തിനുള്ളില്‍ നടത്തുമെന്നും ട്രംപ് സമൂഹമാധ്യമക്കുറിപ്പിലൂടെ അറിയിച്ചു. അക്രമി കസ്റ്റഡിയിലുണ്ടെന്ന് എഫ്ബിഐയും സ്ഥിരീകരിച്ചു.