കാളപ്പോരുകള്‍ക്ക് പേരുകേട്ട നാടാണ് സ്പെയിന്‍. തമിഴ്നാട്ടിലെ ജല്ലിക്കെട്ടില്‍ നിന്നും കാളപ്പോരിനെ വ്യത്യസ്തമാക്കുന്നത് അതൊരു ഒറ്റയാള്‍ പോരാണ് എന്നത് തന്നെയാണ്. കാളകളെ മറ്റഡോര്‍ എന്ന പോരാളി തുണിയും മറ്റും വീശി കളിപ്പിച്ചതിന് ശേഷം ക്ഷീണിപ്പിച്ച് ചെറിയ വാളുകൊണ്ട് കുത്തി കൊല്ലുന്നതാണ് സ്പെയിനിലെ കാളപ്പോര്. എന്നാല്‍ കുത്താനുള്ള ആയുധം കാളയ്ക്കുമുണ്ടെന്നുള്ളത് പലപ്പോഴും കാണികള്‍ മറന്നുപോകാറുണ്ട്. എത്രത്തോളം അപകടകരമാണ് കാളപ്പോരെന്ന് വ്യക്തമാക്കുന്ന ഒരു വാര്‍ത്തയാണ് സ്പെയിനില്‍ നിന്നും പുറത്തുവരുന്നത്.
ഹോസെ ആന്‍റോണിയോ ഡെല പുയേബ്ല എന്ന മറ്റഡോറാണ് സ്പെയിനിലെ നമ്പര്‍ വണ്‍ കാളപ്പോരാളി. 46 വയസുള്ള ഹോസെ ഇതിനോടകം നിരവധി കാളകളോട് പൊരുതി അവയെ മുട്ടുകുത്തിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊരു തുടക്കത്തിനും അവസാനമുണ്ടെന്ന പോലെ ഹോസേയും ഒരു കാളപ്പോരില്‍ തോറ്റു. അതും ചില്ലറ തോല്‍വിയല്ല. കാള കൊമ്പ് കുത്തിയിറക്കിയത് ഹോസെയുടെ മലദ്വാരത്തിലാണ്. വന്‍കുടലിലും മലദ്വാരത്തിലും മാരകമുറിവുകളുണ്ടായതിനെ തുടര്‍ന്ന് ചികില്‍സയിലാണ് ഹോസെ.
കാളപ്പോരാളികളുടെ രാജാവ് എന്നാണ് ഹോസെ അറിയപ്പെടുന്നത്. തിങ്കളാഴ്ച സെവില്‍ നഗരത്തിലെ മയെസ്ട്രാന്‍സ അരീനയിലായിരുന്നു പോര് നിശ്ചയിച്ചിരുന്നത്. പോരിനെത്തിയ കാള പൊതുവെ ചെറുതായിരുന്നെങ്കിലും വേഗത കൂടുതലായിരുന്നു. തുടര്‍ന്ന് തുണി വീശി കാളയെ ഹോസെ പോരിന് വിളിച്ചു. ഒന്നുരണ്ട് തവണ കാളയെ വെട്ടിച്ചെങ്കിലും അപ്രതീക്ഷിത വേഗത്തിലെത്തിയ കാള ഹോസെയുടെ കയ്യിലെ തുണി തെറിപ്പിക്കുകയും കുത്താനായുകയുമായിരുന്നു. തിരിഞ്ഞോടുന്നതിനിടെയാണ് ഹോസെയുടെ മലദ്വാരത്തിലേക്ക് കാള തന്‍റെ കൊമ്പുകളാഴ്ത്തിയത്.
മലദ്വാരത്തിന്‍റെ പത്ത് സെന്‍റീമീറ്റര്‍ ഉള്ളിലേക്ക് കൊമ്പ് കയറി വന്‍കുടലിന് മുറിവേറ്റു. നിലവില്‍ മലവിസര്‍ജനം സാധ്യമല്ലാത്തതിനാല്‍ ജ്യൂസും മറ്റും കുടിച്ചാണ് ഹോസെ വിശപ്പകറ്റുന്നത്. താന്‍ വലിയ വേദനയിലൂടെയാണ് കടന്നുപോകുന്നത് വ്യക്തമാക്കി ചിത്രവും കുറിപ്പും ഹോസെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.