Image: Reuters
യുഎസ് ഇസ്രയേല്‍ ഇറാന്‍ യുദ്ധം രണ്ടു മാസം പൂര്‍ത്തിയാവാനിരിക്കെ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഡോണള്‍ഡ് ട്രംപിന് മുന്‍പ് ജോര്‍ജ് ബുഷിനോടും ബറാക് ഒബാമയോടും ജോ ബൈഡനോടും ഇറാനെതിരായി യുദ്ധം നടത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആവശ്യപ്പെട്ടിരുന്നെന്നാണ് ജോണ്‍ കെറി വെളിപ്പെടുത്തിയത്.
ഇറാനെതിരായ സൈനിക നീക്കത്തെ പിന്തുണയ്ക്കണമെന്ന നെതന്യാഹുവിന്‍റെ ആവശ്യത്തെ ഓരോ തവണയും പ്രസിഡന്റുമാര്‍ നിരാകരിച്ചുവെന്നും കെറി പറയുന്നു. സ്റ്റീഫന്‍ കോള്‍ബെര്‍ട്ടുമായുള്ള അഭിമുഖഷോയിലാണ് കെറി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഒബാമയുടെ ഭരണകാലത്ത് താന്‍ സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കവേയാണ് ഇസ്രയേല്‍ ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ ബുഷിനും ഒബാമയ്ക്കും ബൈഡനും ഒട്ടും ആലോചിക്കാതെ പറയാനുണ്ടായിരുന്ന മറുപടി ‘ബിഗ് നോ’ ആയിരുന്നുവെന്നും കെറി വ്യക്തമാക്കുന്നു. സമാധാനശ്രമങ്ങളെല്ലാം പൂര്‍ത്തിയായില്ലെന്നതായിരുന്നു ആവശ്യം നിരസിക്കാന്‍ കാരണമെന്നും കെറി പറയുന്നു.
ഇറാനില്‍ ഭരണകൂടമാറ്റം എളുപ്പത്തില്‍ സാധ്യമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നെതന്യാഹു ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 ഫെബ്രുവരി 11ന് നടന്ന ചര്‍ച്ചയിലാണ് ട്രംപ് യുദ്ധത്തിനു തയാറാണെന്ന് അറിയിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ യുഎസ് നേതൃത്വവും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ ഭിന്നത ഉടലെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നെതന്യാഹു പറഞ്ഞ പോലെ എളുപ്പമല്ല കാര്യങ്ങള്‍ എന്ന് അമേരിക്കയ്ക്ക് ബോധ്യപ്പെട്ടുവെന്നാണ് വിലയിരുത്തലുകള്‍.