Image credit: X@RT_com

ഫിന്‍ലാന്‍ഡ് വ്യോമസേനയായ ഫിന്നിഷ് എയര്‍ഫോഴ്സിലെ ട്രെയിനി പൈലറ്റുമാരുടെ വിമാനം പറത്തല്‍ വിവാദത്തില്‍. വിമാനത്തിന്‍റെ സഞ്ചാര പാത പുരുഷ ലിംഗത്തിന്‍റെ ആകൃതിയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദം. ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റുകളില്‍ നിന്നുള്ള ‍ഡാറ്റ പ്രകാരം വിമാനത്തിന്‍റെ സഞ്ചാര പാത പുരുഷ ലിംഗത്തിന് സമാനമായാണുള്ളത്. 

ഏപ്രിൽ 13-ന് റിസർവ് ഓഫീസർ പൈലറ്റ് കോഴ്സിലെ ട്രെയിനികൾക്കുള്ള പരിശീലന പറത്തലിനിടെയാണ് സംഭവം. സെന്‍ട്രല്‍ ഫിന്‍ലാന്‍ഡിലെ ജിവാസ്‌കൈലയിലെ ടിക്കാകോസ്‌കിയില്‍ നിന്നും രാവിലെ 7.30 ക്ക് ടേക്ക് ഓഫ് ചെയ്ത നാലു വിമാനങ്ങളുടെ സഞ്ചാര പാതയിലാണ് പതിവില്ലാത്ത വ്യത്യാസം കണ്ടത്. പരിശീലന പറക്കല്‍ നടത്തിയ പൈലറ്റുകള്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് വ്യോമസേന സ്ഥിരീകരിച്ചു. 

ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും വ്യോമസേന വ്യക്തമാക്കി. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുകയെന്നത് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. സൈനികർ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്ന് വ്യോമസേനയ്ക്ക് നിർബന്ധമുണ്ടെന്നും ഇതിൽ നിന്നും വ്യതിചലനമുണ്ടായാല്‍ ഉചിതമായ രീതിയിൽപ്രതികരിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് വ്യോമസേനയുടെ പ്രസ്താവന. 

വിമാനങ്ങള്‍ നിശ്ചയിച്ച വ്യോമപാതയില്‍ തന്നെയാണ് പരിശീലനം നടത്തിയതെന്നും വ്യോമഗതാഗതത്തിന് ഈ വിമാനങ്ങൾ ഒരു തടസവും സൃഷ്ടിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 2023 ല്‍ വിമാനം വഴിതിരിച്ചു വിട്ടതില്‍ ലുഫ്താൻസ എയര്‍ലൈന്‍സ് പൈലറ്റ് വിമാനം പുരുഷ ലിംഗത്തിന്‍റെ ആകൃതിയില്‍ പറത്തി പ്രതിഷേധിച്ചിരുന്നു. 

ENGLISH SUMMARY:

Finnish Air Force training pilots are embroiled in a controversy after their flight path was observed to resemble a male phallus. This incident has sparked a military aviation scandal and is being investigated for disciplinary action.