ഇറാൻ സർക്കാരിന് വേണ്ടി കോടിക്കണക്കിന് രൂപയുടെ അന്താരാഷ്ട്ര ആയുധ ഇടപാടുകൾ നടത്തിയതിന് ഇറാനിയൻ വംശജയായ യുവതി അറസ്റ്റില്‍. ശനിയാഴ്ച രാത്രി ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് 44കാരിയായ ഷമീം മാഫിയെ അറസ്റ്റ് ചെയ്തത്. യുവതി ഇസ്താംബൂളിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു നാടകീയമായ അറസ്റ്റ്.

അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഇറാനിയൻ നിർമ്മിത ആയുധങ്ങൾ സുഡാനിലേക്ക് വിൽക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2025ല്‍ ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്‌ലസ് ഇന്റർനാഷണൽ ബിസിനസ് എന്ന കമ്പനിയെ മറയാക്കി ഇവര്‍ കുറ്റകൃത്യം ചെയ്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാൻ സൈന്യം ഉപയോഗിക്കുന്ന 'മൊഹാജർ-6'  വിഭാഗത്തിൽപ്പെട്ട ഡ്രോണുകള്‍ വിതരണം ചെയ്യാനുള്ള കരാറില്‍ യുവതി ഏര്‍പ്പെട്ടതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ 2023 മുതൽ സുഡാന്റെ പ്രതിരോധ മന്ത്രാലയത്തിലേക്ക് 55,000 ഫ്യൂസ് ബോംബുകള്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തരത്തിലുള്ള ആയുധ ഇടപാടുകൾക്ക് മധ്യസ്ഥത വഹിക്കാനോ മേൽനോട്ടം വഹിക്കാനോ ഷമീം മാഫിക്ക് യാതൊരുവിധ നിയമപരമായ അനുമതിയും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2022 ഡിസംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഇറാന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയവുമായി മാഫി നേരിട്ട് ബന്ധപ്പെട്ടിരുന്നത് വ്യക്തമാക്കുന്ന ഫോൺ രേഖകളുണ്ടെന്നും കോടതി കണ്ടെത്തി.

2013-ൽ ഇറാൻ വിട്ട ഷമീം മാഫി, 2016-ലാണ് അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതി നേടിയത്. എന്നാൽ, ഇറാൻ ഭരണകൂടത്തിന് വേണ്ടി അമേരിക്കയിൽ എന്തെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ താൻ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇവർ നിഷേധിച്ചു. 2020-ൽ ഇറാനിയൻ അധികൃതർ മാഫിക്ക് പിതാവിൽ നിന്ന് ലഭിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇറാന് പുറത്ത് നിന്ന് പ്രവർത്തിക്കുന്നതിനാല്‍  തനിക്ക് കൂടുതൽ വിലയുണ്ടെന്ന് യുവതി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്

ENGLISH SUMMARY:

An Iranian woman, Shamim Mafie, has been arrested for facilitating multi-million dollar international arms deals on behalf of the Iranian government. This arrest highlights ongoing concerns about Iran's involvement in illicit weapons trafficking and sanctions evasion.