ഹോര്‍മുസിന് സമീപത്തൂടെ സഞ്ചരിക്കുന്ന കപ്പല്‍. ഫയല്‍ ചിത്രം.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിടുന്നതായി ഇറാന്‍. യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാത്തതിനാലാണ് നടപടിയെന്ന് ഐആര്‍ജിസി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സായുധ സേനയുടെ കർശന മേൽനോട്ടത്തിൽ പഴയ അവസ്ഥയിലായെന്നും ഇറാന്‍ പറഞ്ഞു. തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പുനസ്ഥാപിക്കും വരെ കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്നും ഇറാന്‍ വ്യക്തമാക്കി. അതിനിടെ കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഹോര്‍മുസില്‍ കപ്പലുകള്‍ക്കുനേരെ വെടിവയ്പുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
ലബനന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഇന്നലെ വൈകിട്ടാണ് ഹോര്‍മുസ് തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന്, വെള്ളിയാഴ്ച കടലിടുക്ക് വീണ്ടും തുറക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ആണവ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ ടെഹ്‌റാനുമായി ധാരണയിലെത്തുന്നതുവരെ ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. കപ്പലുകള്‍ തടഞ്ഞതായി യുഎസ് സൈന്യവും അറിയിച്ചിരുന്നു. ബുധനാഴ്ചയ്ക്കകം കരാറിലെത്തിയില്ലെങ്കില്‍ വീണ്ടും ഇറാനെ ആക്രമിക്കുമെന്നും ട്രംപിന്‍റെ മുന്നറിയിപ്പുണ്ട്.
അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 12,980 കോടിയുടെ ഇന്‍ഷുറന്സ് ആണ് സര്‍ക്കാര്‍ നല്‍കുക. സ്വകാര്യ കമ്പനികള്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ മടിച്ചതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
റഷ്യന്‍ എണ്ണ വാങ്ങാന്‍ ഒരു മാസം കൂടി ‘ഇളവ്’
ഉപരോധം നേരിടുന്ന റഷ്യൻ എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വാങ്ങുന്നതിന് ഇന്ത്യയടക്കം രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടി യുഎസ്. പ്രത്യേക ഇളവ് പുതുക്കില്ലെന്ന് അറിയിച്ച് ദിവസങ്ങൾക്കകമാണ് യുഎസ് മലക്കം മറിച്ചില്‍. ഏപ്രിൽ 17-നോ അതിനു മുൻപോ കപ്പലുകളിൽ കയറ്റിയതും ഇപ്പോൾ കടലിലുള്ളതുമായ റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധ ഇളവ് മേയ് 16 വരെ നീട്ടിക്കൊണ്ട് യുഎസ് ട്രഷറി വകുപ്പ് ഉത്തരവിറക്കി. മാർച്ച് 5 മുതൽ ഇന്ത്യയടക്കം രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവ് ഈ മാസം പതിനൊന്നിന് അവസാനിച്ചിരുന്നു.