പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയിബ സ്ഥാപക നേതാവ് ആമിര്‍ ഹംസയ്ക്ക് വെടിയേറ്റു. അജ്ഞാതനാല്‍ വെടിയേറ്റ ഹംസ അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ലാഹോറില്‍വച്ചാണ് വെടിയേറ്റതെന്നാണ് സൂചന.
1985–86 കാലത്ത് ഹാഫിസ് സയിദിനൊപ്പം ചേര്‍ന്നാണ് ആമിര്‍ ഹംസ ലഷ്കര്‍ സംഘടന രൂപീകരിച്ചത്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും നടന്ന തീവ്രവാദ ആക്രമണങ്ങളുടെ തലച്ചോറായിരുന്നു ആമിര്‍ ഹംസ. ഹാഫിസ് സയിദിനു ശേഷം സംഘടനയിലെ രണ്ടാമത്തെ പ്രധാനിയായാണ് ഹംസയെ കണക്കാക്കുന്നത്.
മാത്രമല്ല അമേരിക്ക തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തി കൂടിയാണ് ഹംസ. ലാഹോറിലെ ഒരു ന്യൂസ് ചാനല്‍ ഓഫീസിനു പുറത്തുവച്ചാണ് ഹംസയ്ക്കു നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട് .1959 ൽ ജനിച്ച ഹംസ മുതിർന്ന അഫ്ഗാൻ മുജാഹിദീനാണ്. ലഷ്കറിന്റെ വക്താവ് കൂടിയായ ഹംസ അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. ‘ഖാഫില ദഅ്‌വത് ഔർ ഷഹാദത്ത്’ ഉൾപ്പെടെ നിരവധി പുസ്തകങ്ങളും ഹംസ എഴുതിയിട്ടുണ്ട്.
2018-ൽ ലഷ്‌കറിന്റെ ധനസഹായ ചാനലുകൾക്കെതിരെ പാകിസ്ഥാൻ സർക്കാർ നടപടി സ്വീകരിച്ചതിനെത്തുടർന്ന് ഹംസ സംഘടനയില്‍ നിന്നകന്നു നിൽക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പിന്നീട് ജയ്ഷെ മന്‍ഖഫയിലും ഹംസ പ്രവര്‍ത്തിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ജമ്മു കശ്മീരിലുള്‍പ്പെടെയുള്ള തീവ്രവാദി ബന്ധങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു ഹംസയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.