മികച്ച വരുമാനവും ജീവിതവും സ്വപ്നം കണ്ട് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഒരു രാജ്യത്ത് പോകുമ്പോള്‍ അവിടത്തെ സംസ്കാരത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും കുറച്ചെങ്കിലും ധാരണയില്ലെങ്കില്‍ പണിയാകുമെന്ന് വ്യക്തമാകുകയാണ് ഇംഗ്ലണ്ടില്‍ നിന്നും പുറത്തുവരുന്ന ഒരു എന്‍ആര്‍ഐ യുവതിയുടെ വാര്‍ത്ത. 

2023ലാണ് സായി കീര്‍ത്തന ശ്രീപെരമ്പുദുരു എന്ന തെലുങ്ക് യുവതി  യോര്‍ക്കിലെ ഒരു സ്വകാര്യ ആശുപത്രിയില്‍  ലാന്‍ഗ്വേജ് ആന്‍ഡ് സ്പീച്ച് തെറാപിസ്റ്റായി ജോലി നേടുന്നത്. തന്‍റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് രേഖകളില്‍ പൂരിപ്പിച്ചായിരുന്നു യുവതി ജോലി കരസ്തമാക്കിയത്. 

ഇംഗ്ലീഷ് അറിയാമെന്ന ആത്മവിശ്വാസത്തില്‍ ജോലിക്ക് കയറിയ യുവതിക്ക് എന്നാല്‍ ജോലി ആരംഭിച്ചതോടെയാണ് താന്‍ പഠിച്ച ഇംഗ്ലീഷല്ല ഇംഗ്ലണ്ടിലെ ഇംഗ്ലീഷെന്ന് മനസിലാകുന്നത്. സഹപ്രവര്‍ത്തകരാണ് യുവതിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്. ചെറിയ കാര്യങ്ങള്‍ പോലും യുവതിയെ പറഞ്ഞുമനസിലാക്കുന്നതില്‍ അവര്‍ ബുദ്ധിമുട്ടി. വൈകാതെ രോഗികള്‍ പറയുന്നത് സ്പീച്ച് തെറാപ്പിസ്റ്റിന് മനസിലാകുന്നില്ലെന്ന്  പരാതിയുമുയര്‍ന്നു.

ഏറെ വൈകാതെ ആശുപത്രി അധികൃതര്‍ യുവതിയോട് അവരുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച് ചോദ്യമുന്നയിച്ചു. ഒടുവില്‍ തന്‍റെ മാതൃഭാഷ ഇംഗ്ലീഷല്ല തെലുങ്കാണെന്ന് യുവതി സമ്മതിച്ചു. ജോലിക്ക് ചേര്‍ന്നതിന് പിന്നാലെ ആശുപത്രിയിലെത്തിയ പല രോഗികള്‍ പറയുന്നതും തനിക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഭാഷ പഠിക്കാനായി താന്‍ ജോലിക്ക് ശേഷം ഇംഗ്ലീഷ് പരിശീലനത്തിന് പോയിരുന്നതായും യുവതി സമ്മതിച്ചു. യുവതിയെ ജോലിയില്‍ നിന്ന് പിരുച്ചുവിടുകയല്ലാതെ ആശുപത്രിക്ക് മറ്റ് വഴികളില്ലായിരുന്നു. 

ഇന്‍റര്‍വ്യൂ സമയത്ത് യുവതി നേരില്‍ വിഡിയോ കോളില്‍ വരാന്‍ വിസമ്മതിച്ചെന്നും ചാറ്റ്ബോക്സിലൂടെ ടെക്റ്റുകള്‍ വഴിയാണ് ഇന്‍റര്‍വ്യൂ നടന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഈ ആവശ്യം കേട്ട് പന്തികേട് തോന്നിയെങ്കിലും യുകെ പൗരത്വമുള്ള വ്യക്തി എന്ന നിലയ്ക്ക് സംശയങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

താന്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചതെന്നും ആയതിനാല്‍ ഇംഗ്ലീഷ് തന്‍റെ മാത‍ൃഭാഷയാണെന്നും തന്നെ ജോലിയില്‍ നിന്ന് ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്‍ പിരിച്ചുവിടരുതെന്നും യുവതി വാദിച്ചെങ്കിലും ഇംഗ്ലീഷ് മീഡിയത്തിലെ വിദ്യാഭ്യാസം ഒരാളുടെ മാതൃഭാഷ ഇംഗ്ലീഷാക്കി മാറ്റില്ലെന്നും, തങ്ങളെ തെറ്റിധരിപ്പിച്ച് ജോലി നേടിയതിനാല്‍ യുവതി തങ്ങളുടെ കീഴില്‍ ജോലി ചെയ്യാന്‍ യോഗ്യയല്ലെന്ന് പറഞ്ഞായിരുന്നു ഇവരെ പിരിച്ചുവിട്ടത്.

ENGLISH SUMMARY:

An NRI woman in the UK faced job termination due to a significant English language barrier, highlighting the critical need for proper language proficiency when working abroad. This incident underscores the potential challenges faced by individuals seeking overseas employment and the importance of accurate self-representation during the hiring process.