തെക്കുകിഴക്കൻ തുർക്കിയിലെ കഹ്‌റമൻമാരാസ് പ്രവിശ്യയിലുള്ള സ്കൂളിൽ ബുധനാഴ്ചയുണ്ടായ വെടിവയ്പ്പിൽ എട്ട് വിദ്യാർത്ഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. 14 വയസ്സുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സ്വന്തം സഹപാഠികൾക്ക് നേരെ നിറയൊഴിച്ചത്. ആക്രമണത്തിന് ശേഷം അക്രമി സ്വയം വെടിവച്ച് മരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പതിനാലുകാരൻ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ പിതാവിന്റെ കൈവശമുണ്ടായിരുന്ന അഞ്ച് തോക്കുകളും ഏഴ് മാഗസിനുകളുമായാണ് ഇയാൾ സ്കൂളിലെത്തിയത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പഠിക്കുന്ന രണ്ട് ക്ലാസ് മുറികളിൽ കയറി അക്രമി വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട വിദ്യാർത്ഥികളിൽ ഭൂരിഭാഗവും 10-11 വയസ്സ് പ്രായമുള്ളവരാണ്. വെടിവയ്പ്പിൽ 13 പേർക്ക് പരുക്കേറ്റു. ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇത് ഒരു ഭീകരാക്രമണമല്ലെന്നും വിദ്യാർത്ഥി നടത്തിയ വ്യക്തിപരമായ ആക്രമണമാണെന്നും തുർക്കി ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്റ്റ്സി വ്യക്തമാക്കി. അക്രമിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂളിലെ രണ്ടാം നിലയിലെ ജനാലയിൽ നിന്ന് ജീവൻ രക്ഷിക്കാനായി വിദ്യാർത്ഥികൾ പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുർക്കിയിൽ സ്കൂൾ വെടിവയ്പ്പുകൾ അപൂർവ്വമാണെങ്കിലും, രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ചൊവ്വാഴ്ച സാൻലിയുർഫയിലെ മറ്റൊരു സ്കൂളിലുണ്ടായ സമാനമായ ആക്രമണത്തിൽ 16 പേർക്ക് പരുക്കേറ്റിരുന്നു.  

ENGLISH SUMMARY:

Turkey school shooting incidents are rare but have recently seen a concerning rise, with the latest tragedy in Kahramanmaraş involving a student opening fire. This incident highlights the alarming issue of educational violence and the potential for such devastating events.