പ്രതീകാത്മക ചിത്രം (Reuters)

ഒറ്റത്തവണ ഉപയോഗത്തിനുള്ള സിറിഞ്ച് പുനരുപയോഗിച്ചതോടെ പാക്കിസ്ഥാനിലെ 331 കുട്ടികള്‍ക്ക് എച്ച്ഐവി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ തൗന്‍സ പ്രവിശ്യയിലെ ടിഎച്ച്ക്യു ആശുപത്രിയില്‍ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും കുട്ടികളെ കുത്തിവയ്ക്കാന്‍ നഴ്സുമാര്‍ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

എച്ച്ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ എട്ടുവയസുകാരനായ മുഹമ്മദ് അമിന്‍ മരിച്ചിരുന്നു. അവസാന ദിവസങ്ങളില്‍ കുട്ടി കടുത്തശരീര വേദനയും പനിയും അനുഭവിച്ചിരുന്നുവെന്നും ആശുപത്രി അധികൃതരുടെ വീഴ്ച കാരണമാണ് മകന്‍ എച്ച്ഐവി പോസിറ്റീവായതെന്നും മാതാപിതാക്കള്‍ ആരോപിച്ചു. അമീന്‍റെ മരണത്തിന് പിന്നാലെ മകള്‍ അസ്മയെയും ഇവര്‍ എലീസ ടെസ്റ്റിന് വിധേയയാക്കി. പിന്നാലെ മകളും പോസിറ്റീവെന്ന് കണ്ടെത്തി. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഇതേ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ‍നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 

തന്‍റെ ക്ലിനിക് സന്ദര്‍ശിച്ച് മടങ്ങിയ കുട്ടികളില്‍ എച്ച്ഐവി ബാധ സ്ഥിരീകരിച്ചത് കണ്ട് ഡോക്ടര്‍ ഗുല്‍ ഖ്വയ്സ്റാനി 2024 അവസാനം നടത്തിയ അന്വേഷണം പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തിന്റെ  പിടിപ്പുകേടുകളിലേക്കാണ് വിരല്‍ചൂണ്ടിയത്. 2021 നവംബറിനും 2025 ഒക്ടോബറിനും ഇടയില്‍ തൗന്‍സയില്‍ മാത്രം 331 കുട്ടികളിലാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തൗന്‍സയിലെ ടിഎച്ച്ക്യു ആശുപത്രിയില്‍ നിന്നും 2025 നവംബര്‍–ഡിസംബര്‍ മാസങ്ങളിലായി 32 മണിക്കൂര്‍ നേരം ബിബിസി ദൃശ്യങ്ങള്‍ പകര്‍ത്തി. ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ചുകള്‍ പല തവണ നഴ്സുമാര്‍ ഉപയോഗിക്കുന്നത് ഇതില്‍ പതിഞ്ഞു. സിറിഞ്ചില്‍ സൂചി പുതിയത് ഇട്ടാലും ശേഷിക്കുന്ന ഭാഗം മാറ്റിയില്ലെങ്കില്‍ അപകടമാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു. അണുക്കള്‍ സൂചിയിലേക്ക് അതിവേഗം കടക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പുറത്തുവന്ന ദൃശ്യങ്ങളിലൊന്നില്‍ കുട്ടിയെ കുത്തിവച്ച് കഴിഞ്ഞ് സിറിഞ്ചില്‍ മിച്ചം വന്ന മരുന്ന് നഴ്സ് മറ്റൊരാള്‍ക്ക് കൈമാറുന്നതും കാണാം. മെഡിക്കല്‍ വേസ്റ്റ് വേണ്ടതുപോലെ സംസ്കരിക്കാത്തതും കാണാം.

അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഖ്വാസിം ബുസ്ദറിന്‍റെ വാദം. ദൃശ്യങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്നും കൃത്രിമമായി ചമച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിക്കുന്നില്ലെന്നും രോഗികളുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ENGLISH SUMMARY:

A shocking BBC investigation has revealed that 331 children in Pakistan's Taunsa province were infected with HIV due to the reuse of disposable syringes at THQ Hospital. Despite being meant for single use, nursing staff were reportedly filmed reusing syringes on multiple children. The tragedy came to light following the death of 8-year-old Muhammad Amin and the subsequent diagnosis of his sister, Asma. Dr. Gul Qaisrani, who initially flagged the surge in cases, reported that 331 children tested positive between November 2021 and October 2025. While hospital authorities dismissed the footage as fake, medical experts warn that even changing the needle is insufficient if the barrel of the syringe is reused, as pathogens can travel instantly. The investigation highlights a severe lapse in medical waste management and safety protocols in Pakistan's healthcare system.