ഹോർമൂസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന നിയന്ത്രണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ. കടലിടുക്ക് തോന്നുംപോലെ അടയ്ക്കാനും തുറക്കാനുമുള്ള ഇറാന്റെ നടപടി, ലോകത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് യുഎഇ വ്യവസായ, സാങ്കേതികവിദ്യമന്ത്രിയും അബുദാബി നാഷനൽ ഓയിൽ കമ്പനി സിഇഒയുമായ സുൽത്താൻ അൽ ജാബർ  പറഞ്ഞു. ആഗോള സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ഹോർമൂസിലെ ചെറിയ തടസ്സം പോലും ലോകത്തെ ഊർജ, ആരോഗ്യ മേഖലകളെ അപകടത്തിലാക്കുമെന്ന് സുൽത്താൻ അൽ ജാബർ  ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങിയ ശേഷം 22 കപ്പലുകൾ ആക്രമിക്കപ്പെടുകയും പത്തോളം ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തു.

നിലവിൽ എണ്ണക്കപ്പലുകൾ ഉൾപ്പെടെ എണ്ണൂറോളം ചരക്കു കപ്പലുകൾ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ആയിരക്കണക്കിന് കപ്പൽ ജീവനക്കാർ ലക്ഷ്യസ്ഥാനത്ത് എത്താനാവാതെ പാതിവഴിയിൽ ഒറ്റപ്പെട്ടു കഴിയുകയാണ്. ഹോർമൂസ് അടച്ചതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയും വിമാന നിരക്കും രാജ്യാന്തര വിപണിയിൽ കുതിച്ചുയർന്നു. ലോകത്തെ ഇന്ധന നീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാത രാഷ്ട്രീയ വിലപേശലിനായി ഉപയോഗിക്കരുതെന്ന് യുഎഇ ആവശ്യപ്പെട്ടു.

അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം മുറുകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്ന് ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു കഴിഞ്ഞു. കുവൈത്തിൽ മിസൈൽ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സ്ഫോടനം ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ വീണ്ടും ആക്രമണമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങൾ.

ENGLISH SUMMARY:

Iran's control over the Strait of Hormuz has prompted a strong warning from the UAE, highlighting the significant global security threat posed by such actions. The UAE minister emphasized that these moves, which disrupt global economic stability, are unacceptable and endanger energy and health sectors worldwide.