Untitled design - 1

യുഎസ്–ഇറാന്‍ സമാധാന ചര്‍ച്ച പരാജയം. ഇസ്്ലാമാദില്‍ പതിനഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും സമാധാന കരാറില്‍  ധാരണയിലെത്താനായില്ല. ഹോര്‍മുസ് തുറക്കുന്നതിലടക്കം യുഎസ് മുന്നോട്ടുവച്ച ഉപാധികളോട് ഇറാന്‍ യോജിക്കുന്നില്ല. നീതിരഹിതമായ വ്യവസ്ഥകളാണ് യുഎസ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. പരാജയപ്പെടാന്‍ കാരണം യുഎസിന്റെ കടുത്ത നിലപാടെന്ന് ഇറാന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇറാന് ആണവായുധം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ സമവായത്തിന് ഇറാന്‍ തയാറല്ലെന്നുമാണ് യുഎസ് വാദം. ഈ സാഹചര്യത്തില്‍ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നും കരാറിലെത്താതെ നിരാശനായി മടങ്ങുന്നുവെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. ഇറാനെതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ സംപുഷ്ടീകരിച്ച യുറേനിയം നീക്കംചെയ്യണമെന്നാണ് നെതന്യാഹുവിന്‍റെ ആവശ്യം

 

Also Read: ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച് യു.എസ് കപ്പല്‍; വിരട്ടി ഓടിച്ച് ഇറാന്‍

പതിനഞ്ചു മണിക്കൂറോളമാണ് പാക്കിസ്ഥാന്റെ മധ്യമസ്ഥതയില്‍ ഇസ്‌ലമാബാദില്‍ ചര്‍ച്ച നടന്നത്. ഇതിനിടെ ഹോര്‍മുസ് നിയന്ത്രണങ്ങളോടെ തുറന്നെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു. സൈനിക കപ്പലുകള്‍ക്ക് ഹോര്‍മുസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

 

പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെ ആരംഭിച്ച ചര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെയും തുടര്‍ന്നു. ഏകദേശം 15 മണിക്കൂര്‍ പിന്നിട്ട ചര്‍ച്ചയില്‍ ഹോര്‍മുസിന്‍റെ നിയന്ത്രണം സംബന്ധിച്ച വിഷയമാണ് ചര്‍ച്ചയില്‍ പ്രതിസന്ധിയായതെന്ന് പാക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. യു.എസിന്‍റെ ഭാഗത്ത് നിന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി വാന്‍സിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചി, സ്പീക്കര്‍ ഹമ്മദ് ബാഗേര്‍ ഗാലിബഫ് അടക്കമുള്ള നേതാക്കളുമായാണ് ഇസ്‍ലാമാബാദില്‍ നേരിട്ട് ചര്‍ച്ച നടത്തിയത്.

 

അതേസമയം, ചര്‍ച്ച ഗൗനിക്കാതെ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തി. ചര്‍ച്ചയും ധാരണയും യു.എസിനെ ബാധിക്കില്ലെന്നാണ് ട്രംപിന്‍റെ നിലപാട്. ഇരു കക്ഷികളും ഒരു കരാറിൽ ഒപ്പുവെച്ചാലും അത് തനിക്ക് ഒരു വ്യത്യാസവുമില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാന്റെ യുദ്ധത്തിന് പിന്തുണ നൽകിയാൽ ചൈനയ്ക്ക് അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ചര്‍ച്ചകള്‍ പുരോഗമിക്കെ ഹോര്‍മുസില്‍ പടനീക്കം ആരംഭിച്ചതായി യു.എസ് അവകാശപ്പെട്ടു. 

 

രണ്ട് പടക്കപ്പലുകള്‍ ഹോര്‍മുസ് കടന്നെന്നാണ് യു.എസിന്‍റെ അവകാശവാദം. ഇറാന്‍ മൈനുകള്‍ നീക്കാന്‍‌ തുടങ്ങിയെന്നും വാദം മൈനുകള്‍ സ്ഥാപിക്കുന്ന ബോട്ടുകള്‍ തകര്‍ത്തെന്നും യു.എസ് വ്യക്തമാക്കി. ഈ വാദങ്ങളെ ഇറാന്‍ സേന തള്ളി. യുഎസ് ഡിസ്ട്രോയർ ജലപാതയിലേക്ക് നീങ്ങിയെങ്കിലും 30 മിനിറ്റിനുള്ളിൽ കപ്പലിനെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു. പിന്നാലെ കപ്പല്‍ പിന്മാറിയെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ENGLISH SUMMARY:

US Iran peace talks have reportedly failed, with US Vice President JD Vance expressing disappointment. The discussions, held in Islamabad, did not result in an agreement on key issues like opening the Strait of Hormuz, leading to a stalemate in diplomatic efforts.