യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കൈനെരുഗാബ (ഫയല്‍ ചിത്രം)
തുര്‍ക്കിയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാതിരിക്കാന്‍ വിചിത്ര ആവശ്യവുമായി യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കൈനെരുഗാബ. രണ്ട് കാര്യങ്ങളാണ് അദ്ദേഹം തുർക്കിയിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്ന്, തീവ്രവാദികളെ നേരിടുന്നതിനായി സൊമാലിയയിൽ ദീർഘകാലമായി യുഗാണ്ട നൽകിയ സൈനിക സംഭാവനകൾക്ക് 1 ബില്യൺ ഡോളർ നൽകണം. രണ്ടാമത്തേതാണ് ഏറെ വിചിത്രവും വിവാദവുമായ ആവശ്യം. തുര്‍ക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ തനിക്ക് വിവാഹം കഴിച്ചു നല്‍കണം! കൈനെരുഗാബയുടെ ഈ ആവശ്യം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ യുഗാണ്ടൻ തലസ്ഥാനമായ കമ്പാലയിലുള്ള തുർക്കി എംബസി അടച്ചുപൂട്ടുന്നത് ഉൾപ്പെടെ, കടുത്ത നയതന്ത്ര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിയുണ്ട്.
യുഗാണ്ടയുടെ പ്രസിഡന്റ് യോവേരി മുസേവേണിയുടെ മകനാണ് മുഹൂസി കൈനെരുഗബ. സൊമാലിയയില്‍ അൽ ഖായിദയുടെ അനുബന്ധ സംഘടനയായ അൽ– ഷബാബിനെ പ്രതിരോധിക്കാന്‍ ആഫ്രിക്കൻ യൂണിയന്‍റെ ദൗത്യങ്ങളുടെ ഭാഗമായി ഏകദേശം രണ്ട് പതിറ്റാണ്ടുകളായി യുഗാണ്ട സഹായം ചെയ്യുന്നുണ്ട്. ഇതിന് തുർക്കിയിൽ നിന്ന് ഒരു ബില്യൺ ഡോളർ ‘സെക്യൂരിറ്റി ഡിവിഡന്റ്’ ആയാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല സൊമാലിയയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ നിന്നും തലസ്ഥാനമായ മൊഗാദിഷുവിലെ തുറമുഖ, വിമാനത്താവള പ്രവർത്തനങ്ങളിൽ നിന്നും തുർക്കി ലാഭം കൊയ്യുന്നു എന്നും കൈനെരുഗാബ ആരോപിക്കുന്നു. പിന്നാലെയാണ് ‘1 ബില്യൺ ഡോളറിനു പുറമേ, ആ രാജ്യത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ എനിക്ക് ഭാര്യയായി വേണം’ എന്നും അദ്ദേഹം എക്സില്‍ കുറിച്ചത്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ യുഗാണ്ടന്‍ തലസ്ഥാനമായ കംപാലയിലെ തുർക്കി എംബസി അടച്ചുപൂട്ടും, യുഗാണ്ടൻ വ്യോമാതിർത്തിയിൽ നിന്ന് തുർക്കി എയർലൈൻസിനെ വിലക്കും, ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കും എന്നാണ് ഭീഷണി. ‘തുർക്കിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെറുതാണ്. ഒന്നുകിൽ അവർ ഞങ്ങൾക്ക് പണം നൽകും അല്ലെങ്കിൽ ഞാൻ അവരുടെ ഇവിടുത്തെ എംബസി അടച്ചുപൂട്ടും. അവർക്ക് തുർക്കിയിലെ ഞങ്ങളുടെ എംബസിയും തിരിച്ചടിച്ച് അടച്ചുപൂട്ടാം. ഒരു പ്രശ്നവുമില്ല’ കൈനെരുഗാബ എക്സില്‍ കുറിച്ചു. ‘ഇത് വെറുമൊരു നേരംപോക്കായി കണക്കാക്കേണ്ട പിന്നിൽ നിന്ന് കുത്തിക്കൊണ്ടിരിക്കുന്ന ഒരു സുഹൃത്തിനെ ആർക്കാണ് വേണ്ടത്’ എന്നും അദ്ദേഹം കുറിച്ചു. മാത്രമല്ല യുഗാണ്ടന്‍ പൗരന്‍മാരോട് സ്വന്തം സുരക്ഷയ്ക്കായി തുർക്കിയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
മുഹൂസി കൈനെരുഗാബയുടെ ട്വീറ്റ്
ഇസ്രയേലിന് പിന്തുണയും കൈനെരുഗാബ പ്രഖ്യാപിച്ചിട്ടുണ്ട്. ‘നമ്മുടെ ദൈവമായ ക്രിസ്തുവിന്റെ നാടായ വിശുദ്ധ ഭൂമിയെ സംരക്ഷിക്കാൻ എന്റെ ഒരു ലക്ഷം യുഗാണ്ടൻ സൈനികരെ ഇസ്രയേലിലേക്ക് അയക്കാന്‍ ഞാൻ തയ്യാറാണ്" എന്നും അദ്ദേഹം പറഞ്ഞു. തുടരെത്തുടരെയുള്ള കൈനെരുഗാബയുടെ ട്വീറ്റുകള്‍ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്തു.
വിചിത്രവും സ്ത്രീവിരുദ്ധവുമായ ആവശ്യങ്ങള്‍ കൈനെരുഗാബ ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2022 ഒക്ടോബറിൽ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനിയെ വിവാഹം കഴിക്കണമെന്നും പകരമായി 100 പശുക്കളെ നല്‍കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആവശ്യം നിരസിച്ചാല്‍ ഇറ്റലി പിടിച്ചടക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഒടുവില്‍ കൈനെരുഗാബയുടെ പിതാവും യുഗാണ്ടൻ പ്രസിഡന്റുമായ യോവേരി മുസേവേണി തന്‍റെ മകന്റെ പരാമർശത്തിന് ക്ഷമാപണം നടത്തുകയായിരുന്നു. സഹോദരരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടതിന് കൈനെരുഗാബയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. 2022 ൽ കെനിയയെ ആക്രമിക്കുമെന്നും കൈനെരുഗാബ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. അന്നും അദ്ദേഹത്തിന്‍റെ പിതാവ് കെനിയയോട് ക്ഷമാപണം നടത്തുകയും കൈനെരുഗാബയെ പ്രതിരോധ സേനാ മേധാവി സ്ഥാനത്ത് നിന്ന് താൽക്കാലികമായി പുറത്താക്കുകയും ചെയ്യുകയായിരുന്നു. എന്തിരുന്നാലും ഇത്തവണ തുര്‍ക്കിക്ക് നേരെയുള്ള കൈനെരുഗാബയുടെ ഭീഷണിയില്‍ യോവേരി മുസേവേണിയോ മറ്റ് ഔദ്യോഗിക വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുര്‍ക്കിയും പ്രതികരിച്ചിട്ടില്ല.