pak-soilders

TOPICS COVERED

സൗദി അറേബ്യയിലേക്ക് യുദ്ധ വിമാനങ്ങളയച്ച് പാക്കിസ്ഥാന്‍. 13000 സൈനികരും 10 മുതൽ 18 വരെ ജെറ്റുകളും അടങ്ങുന്ന പാക്കിസ്ഥാൻ സൈനിക സംഘം ശനിയാഴ്ച സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് വ്യോമതാവളത്തിലിറങ്ങി. ഇസ്‍ലാമാബാദില്‍ യു.എസ്– ഇറാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു പാക്കിസ്ഥാന്‍റെ സൈനിക വിന്യാസം. 

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറിന്‍റെ ഭാഗമായാണ് സൗദിയിലേക്ക് പാക്ക് സൈന്യം എത്തുന്നത്. 2025 സെപ്റ്റംബറിലാണ് പാക്കിസ്ഥാനും സൗദിയും പ്രതിരോധ കരാറിലെത്തിയത്. ഏതെങ്കിലും രാജ്യത്തിന് എതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. 2025 ല്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സൗദി സന്ദർശന വേളയിലാണ് കരാർ ഒപ്പിട്ടത്. 

സൗദിയെ ലക്ഷ്യമിട്ട് ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. സൗദിയിലുള്ള യു.എസിന്‍റെ വ്യോമകേന്ദ്രങ്ങളും എംബസികളും അടക്കം ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. ആക്രമണം രൂക്ഷമായതിന് പിന്നാലെ എണ്ണ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. 

ഇറാനെ ആക്രമിച്ചുള്ള യു.എസ് നടപടി വന്നതിന് പിന്നാലെ രണ്ടു വള്ളത്തിലും കാലിട്ട നിലപാടാണ് പാക്കിസ്ഥാന്‍റേത്. മാര്‍ച്ചില്‍ തന്നെ പാക്കിസ്ഥാന് സൗദിയുമായുള്ള കരാറും ഇത് പാലിക്കേണ്ടതിന്‍റെ ബാധ്യസ്ഥതയും പാക്ക് വിദേശകാര്യ മന്ത്രി ഇഷ്ക് ദാര്‍ ഇറാന്‍ നേതാക്കളെ അറിയിച്ചിരുന്നു. തങ്ങളെ ആക്രമിക്കാന്‍ സൗദിയുടെ മണ്ണ് ഉപയോഗിക്കില്ലെന്ന ഉറപ്പാണ് ഇറാന്‍ ആവശ്യപ്പെട്ടതെന്നും ദാര്‍ വ്യക്തമാക്കി. താന്‍ ഈ ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Pakistan fighter jets have been deployed to Saudi Arabia as part of a defense agreement. This move comes amidst ongoing US-Iran discussions and escalating drone attacks from Iran targeting Saudi Arabia.