ജോലി സ്ഥലത്ത് ആന്‍റി എന്നു വിളിച്ചെന്ന് പരാതി ഉയര്‍ത്തിയ ഇന്ത്യന്‍ നഴ്സിന് നഷ്ടപരിഹാരം നല്‍കാന്‍  യു.കെ എംപ്ലോയിമെന്‍റ് ട്രൈബ്രൂണലിന്‍റെ വിധി. 64 കാരിയായ ഇല്‍ഡ എസ്റ്റീവ്സ് നല്‍കിയ പരാതിയിലാണ് നടപടി. സഹപ്രവര്‍ത്തകനായ ചാൾസ് ഓപ്പോങ് തുടര്‍ച്ചയായി ആന്‍റിയെന്ന് വിളിച്ചെന്നാണ് പരാതി. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വിളി തുടര്‍ന്നു എന്നാണ് ട്രൈബ്യൂണലിന് നല്‍കിയ പരാതിയിലുള്ളത്. 

വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് 1.80 ലക്ഷം രൂപ നൽകണമെന്നാണ് ട്രൈബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്. ജോലിസ്ഥലത്ത് സഹപ്രവർത്തകയെ ആവർത്തിച്ച് "ആന്റി" എന്ന് വിളിക്കുന്നത് പീഡനത്തിന് തുല്യമാണെന്നാണ്  ട്രൈബ്യൂണലിന്‍റെ വിധിയിലുള്ളത്. എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും നടത്തിയ പരാമർശങ്ങൾ പ്രായവും ലിംഗഭേദവുമായി ബന്ധപ്പെട്ട കുറ്റമായാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്.  ഇത് മോശം തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചെന്നും ട്രൈബ്യൂണല്‍ വിലയിരുത്തി.

ഘാന പൈതൃകമുള്ള ഒപ്പോങ് തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ഒരിക്കൽ ആന്‍റിയെന്ന് വിളിച്ചതായി സമ്മതിച്ചു. ഘാനന്‍ സംസ്കാരം പ്രകാരം ആന്‍റി എന്നത് പ്രായമുള്ളവരെ ബഹുമാനിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കാണെന്ന് കോടതിയില്‍ വാദിച്ചത്. ഇത് ജഡ്ജി അംഗീകരിച്ചെങ്കിലും പരാതിക്കാരിയുടെ താല്‍പര്യത്തിന് വിരുദ്ധമായതിനാല്‍ അധിക്ഷേപകരമായി തോന്നിയിരിക്കാമെന്ന് ജഡ്ജി വ്യക്തമാക്കി

ENGLISH SUMMARY:

UK employment tribunal has ruled that calling an Indian nurse 'Aunty' repeatedly at the workplace constitutes harassment and has ordered compensation. The tribunal found that such remarks, despite objections, created a hostile work environment based on age and gender.