Russia's kilo-class submarine Krasnodar at sea
വടക്കൻ അറ്റ്‌ലാന്റികില്‍ സമുദ്രത്തിനടിയിലൂടെയുള്ള കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും സമീപം സംശയാസ്പദമായരീതിയിൽ റഷ്യൻ അന്തർവാഹിനികളെ കണ്ടെത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി യുകെ. കടലിനടിയിലെ തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യങ്ങളില്‍ കേടുപാടുകളുണ്ടാക്കിയാല്‍ ഗുരുതരമായ പ്രത്യഘാതമുണ്ടാകുമെന്നാണ് യു.കെ. പ്രതിരോധസെക്രട്ടറി ജോൺ ഹീലി റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഷ്യയുടെ ആഴക്കടല്‍ നിരീക്ഷണ ദൗത്യത്തിന്‍റെ ഭാഗമാണെന്ന് കരുതപ്പെടുന്ന രണ്ട് പ്രത്യേക അന്തര്‍വാഹിനികള്‍ക്കൊപ്പം ആണവശക്തിയുള്ള ആക്രമണ– അന്തർവാഹിനിയും കണ്ടെത്തിയതായാണ് യുകെ പറയുന്നത്.
റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുട്ടിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ജോൺ ഹീലിയുടെ പ്രതികരണം. ‘ഞങ്ങളുടെ കേബിളുകള്‍ക്കും പൈപ്പ്‌ലൈനുകള്‍ക്കും അടുത്ത് നിങ്ങൾ ചെയ്യുന്നതെല്ലാം ഞങ്ങൾ കാണുന്നുണ്ട്, അവയ്ക്ക് കേടുപാടുകൾ വരുത്താനുള്ള ഒരു ശ്രമവും അനുവദിക്കില്ല. അങ്ങിനെയുണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം’– ഹീലി പറഞ്ഞു.
അതേസമയം, നിലവില്‍ ഈ അന്തര്‍വാഹിനികള്‍ പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്. കൂട്ടത്തിലെ ആണവശക്തിയുള്ള അന്തർവാഹിനിയാണ് ആദ്യം മടങ്ങിയത്. ശേഷം മറ്റ് രണ്ട് പ്രത്യേക അന്തർവാഹിനികൾ കടലിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കുറച്ചധികം നേരെ കൂടി ചെലവഴിച്ചശേഷമാണ് പിന്‍വാങ്ങിയത്. എങ്കിലും യുകെയുടെ റോയൽ നേവിയും റോയൽ എയർഫോഴ്‌സും സംയുക്തമായി 24 മണിക്കൂറും അന്തർവാഹിനികളെയും സമുദ്രത്തിലെ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കാനും ആരംഭിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ലക്ഷക്കണക്കിന് മൈലുകൾ ദൂരത്തില്‍ കടലിനടിയിലൂടെ കേബിളുകൾ വിന്യസിച്ചിട്ടുണ്ട്. ഡാറ്റയും വൈദ്യുതിയുമടക്കം ഈ കേബിളുകള്‍ വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. യുകെയാകട്ടെ ആശയവിനിമയത്തിനും ഊർജ്ജത്തിനും കടലിനടിയിലെ ഈ നെറ്റ്‌വർക്കുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. യുകെയുടെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 90 ശതമാനത്തിലധികവും സബ്മറൈൻ കേബിളുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. വാതക വിതരണത്തിന്റെ പ്രധാന ഭാഗം നോർവേയ്ക്ക് സമീപം കടലിനടിയിലുള്ള പൈപ്പ്‌ലൈനുകൾ വഴിയാണ്. അതുകൊണ്ടുതന്നെ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കാതെ ശത്രുരാജ്യങ്ങള്‍ ഇന്ന് ലക്ഷ്യം വയ്ക്കാറുള്ളതും ഈ നിർണായക അടിസ്ഥാന സൗകര്യങ്ങളെയാണ്.