AI Generated Representative Image
റഷ്യ 2014ല്‍ പിടിച്ചെടുത്ത ക്രൈമിയയില്‍ റഷ്യന്‍ സൈന്യത്തിന്റെ ചരക്കുവിമാനം തകര്‍ന്നുവീണു. 23 യാത്രക്കാരും ആറ് വിമാനജീവനക്കാരും കൊല്ലപ്പെട്ടു. പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വിവരം പുറത്തുവിട്ടത്. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന എഎന്‍–26 വിമാനമാണ് ഇന്നലെ രാത്രി തകര്‍ന്നത്.
വൈകിട്ട് ആറുമണിയോടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയിലായിരുന്നു വിമാനം. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രതിരോധവകുപ്പിന്‍റെ പ്രാഥമിക നിഗമനം. പുറമേ നിന്നുള്ള ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെന്നും ഇന്‍റര്‍ഫാക്സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ക്രൈമിയയിലെ ചെങ്കുത്തായ പാറക്കെട്ടിലേക്ക് വിമാനം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനവും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും അതീവദുഷ്കരമായിരുന്നുവെന്ന് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സോവിയറ്റ് യൂണിയന്‍റെ കാലത്ത് ഡിസൈന്‍ ചെയ്ത് നിര്‍മിച്ചതാണ് എ.എന്‍–26 ചരക്കുവിമാനങ്ങള്‍.