റഷ്യയുടെ പ്രശസ്ത മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ് അന്തരിച്ചു.74 വയസായിരുന്നു. സിര്‍ക്കോണ്‍ (Zircon), ബ്രഹ്മോസ് എൻജി (BrahMos NG), എന്നീ മിസൈലുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് വിടവാങ്ങുന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് അന്ത്യം സംഭവിച്ചത്.
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ബ്രഹ്മോസ് എയറോസ്പേസിന്റെ റഷ്യന്‍ പങ്കാളി എൻപിഒ മാഷിനോസ്ട്രോയേനിയ (എൻപിഒഎംഎഎസ്‌എച്ച്) യുടെ സിഇഒയും ചീഫ് ഡിസൈനറുമായിരുന്നു ലിയോനോവ്. എന്നാല്‍ അദ്ദേഹത്തിന്റെ മരണകാരണമോ മരണം സംഭവിച്ച സ്ഥലമോ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
കപ്പല്‍ അടിസ്ഥാനമായ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ രൂപകല്‍പന ചെയ്തതിന്റെ (സിര്‍ക്കോണ്‍) ബഹുമതി അദ്ദേഹത്തിന്റെ പേരിലാണ്. 2023ല്‍ ആരംഭിച്ച 3K22 മിസൈൽ സംവിധാനത്തിന്റെ ഭാഗമാണിത്. നാവിക പ്ലാറ്റ്ഫോമുകളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന മിസൈലുകളാണിവ. തീരദേശ പ്രതിരോധത്തിനായാണ് ഇവ ഉപയോഗിക്കുന്നത്.
400 മുതൽ 1,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ മിസൈലുകള്‍ക്ക് പരമ്പരാഗത, ആണവ പോർമുനകൾ വഹിക്കാൻ കഴിയുമെന്ന് ആർബിസി റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ-ഇന്ത്യൻ ബ്രഹ്മോസ്, നൂതന ഹൈപ്പർസോണിക് വാഹനങ്ങളുടെ പ്രവർത്തനത്തിലും, ഗ്രാനിറ്റ്, വൾക്കൻ, ബാസ്റ്റിയൻ തീരദേശ പ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിലും പങ്കാളിയായ വിദഗ്ധനായിരുന്നു ലിയോനോവ്.