khawaja-asif

ഇസ്രയേല്‍ എന്ന രാജ്യം മനുഷ്യകുലത്തിന് തന്നെ ശാപമാണെന്നും കാന്‍സറിന് സമാനമാണെന്നും പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാക്കാന്‍ പാക്കിസ്ഥാന്‍ അഹോരാത്രം നടത്തിയ ശ്രമങ്ങളെ കാറ്റില്‍പ്പറത്തി ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നതിന് പിന്നാലെയാണ് ഖ്വാജ ആസിഫ് ഇസ്രയേലിനെതിരെ പൊട്ടിത്തെറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. 'ഇസ്‍ലമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നു. ലെബനനില്‍ ഇസ്രയേല്‍ വംശഹത്യ തുടരുന്നു. നിരപരാധികളായ മനുഷ്യര്‍ ഇസ്രയേലിനാല്‍ ആദ്യം ഗാസയിലും പിന്നെ ഇറാനിലും ഇപ്പോള്‍ ലെബനനിലും കൊല്ലപ്പെടുകയാണ്. രക്തച്ചൊരിച്ചില്‍ തുടരുന്നു. പലസ്തീന്‍റെ മണ്ണില്‍ ഇങ്ങനെയൊരു അര്‍ബുദ സമാനമായ രാജ്യത്തെ സൃഷ്ടിച്ചവര്‍ നരകത്തീയില്‍ എരിഞ്ഞുപോകട്ടെ എന്നാണ് എന്‍റെ പ്രാര്‍ഥനയും ആഗ്രഹവും'- എന്നായിരുന്നു രൂക്ഷമായ പ്രതികരണം. 

പാക്കിസ്ഥാന്‍റെ പ്രസ്താവനയ്ക്കെതിരെ ഇസ്രയേല്‍ ഉടനടി രംഗത്തുവന്നു. അംഗീകരിക്കാനാവാത്ത പ്രസ്താവനയാണിതെന്നും ഒരു തരത്തിലുള്ള ഭരണകൂടവും പ്രത്യേകിച്ചും നിഷ്പക്ഷമായി സമാധാനത്തിനായി ശ്രമിക്കുന്നവര്‍ ഇത്തരം പ്രസ്താവന ഇറക്കില്ലെന്നും നെതന്യാഹു തുറന്നടിച്ചു. നേരിട്ട് നയതന്ത്രബന്ധങ്ങള്‍ പുലര്‍ത്താത്ത രണ്ട് രാജ്യങ്ങള്‍ തമ്മില്‍ തുറന്ന നയതന്ത്ര ഏറ്റുമുട്ടലാണ് പാക്കിസ്ഥാന്‍ തുടങ്ങിവച്ചതെന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിദെയോന്‍ സാറിന്‍റെ പ്രതികരണം. അര്‍ബുദസമാനം എന്നെല്ലാം വിശേഷിപ്പിക്കുന്നത് അല്‍പ്പം കടന്നതാണെന്നും ഇസ്രയേലിനെ തകര്‍ക്കണമെന്നുള്ള ആഹ്വാനം അതില്‍ നിഴലിക്കുന്നുവെന്നും സാര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്‍റെ നാശത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാ ഭീകരവാദികളെയും അവരുടെ നീക്കങ്ങളെയും ഇസ്രയേല്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

പാക്കിസ്ഥാന്‍റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനോട് പരസ്യമായി തന്നെ ഇസ്രയേല്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. 'പാക്കിസ്ഥാനികളെ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അമേരിക്ക അവരെ വിശ്വസിക്കുന്നത് കണ്ട് ഞെട്ടുകയും വേണ്ട. ഇടനിലക്കാരന്‍റെ റോള്‍ മാത്രമേ പാക്കിസ്ഥാന് ഇതിലുള്ളൂ' എന്നായിരുന്നു ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡറുടെ പ്രതികരണം. 

ഇസ്രയേലിന്‍റെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ അമേരിക്കന്‍ നിര്‍ദേശപ്രകാം ഖ്വാജ ആസിഫ് വിവാദ ട്വീറ്റ് പിന്‍വലിച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.  ഇസ്​ലമാബാദില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് ഇത്തരം വാദപ്രതിവാദങ്ങള്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും അമേരിക്ക പാക്കിസ്ഥാനെ അറിയിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. െവടിനിര്‍ത്തല്‍ നിലവില്‍ വന്ന് പത്ത് മിനിറ്റിനുള്ളില്‍ നൂറോളം മിസൈലുകളാണ് ലെബനനിലേക്ക് ഇസ്രയേല്‍ വര്‍ഷിച്ചത്. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല പ്രതികരിച്ചിരുന്നു. ലെബനന് നേരെ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇറാന്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുകയും ചെയ്തു. ലെബനനിലും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന നിബന്ധന 10 ഇന നിര്‍ദേശങ്ങളില്‍ ഇല്ലായിരുന്നുവെന്ന് ആദ്യം ഇസ്രയേലും പിന്നീട് യുഎസും പറഞ്ഞു. എന്നാല്‍ അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് നിരന്തരം പറയുന്നത് ഇതുകൊണ്ടാണെന്നും ഈ സാഹചര്യത്തില്‍ വെടിനിര്‍ത്തലിന്‍റെ പ്രസക്തി എന്താണെന്നുമായിരുന്നു ഇറാന്‍റെ പ്രതികരണം. 

ENGLISH SUMMARY:

Pakistan's Defense Minister Khawaja Asif sparked a major diplomatic row by calling Israel a 'curse' and 'cancer' to humanity. The remarks came as Israel continued its strikes in Lebanon, despite ongoing peace talks in Islamabad. Israel's leadership, including PM Netanyahu, condemned the statement as an incitement to genocide. Under pressure from the US, which warned that such rhetoric could derail the ceasefire negotiations, Asif deleted his social media post. Meanwhile, the conflict intensifies as Iran closes the Strait of Hormuz again in protest of Israel's actions in Lebanon.