Fahd Abu Haikal, 41 displays a mobile photo of his seven month old Palestinian baby boy Sam, who was killed on Friday (AP Photo/Mahmoud Illean)

Fahd Abu Haikal, 41 displays a mobile photo of his seven month old Palestinian baby boy Sam, who was killed on Friday (AP Photo/Mahmoud Illean)

TOPICS COVERED

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മാതാപിതാക്കൾക്ക് ഗുരുതര പരുക്ക്. ഹെബ്രോണിലെ ടെൽ റുമൈദ മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ബത്‌ലഹേം സർവകലാശാലയിലെ അധ്യാപകൻ ഫഹദ് അബൂ ഹൈക്കലിന്‍റെ മകൻ സാം ഫഹദ് അബൂ ഹൈക്കലാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്.  വെടിയുണ്ട ഫഹദിന്റെ കൈ തുളച്ചുകയറി പിൻസീറ്റിൽ അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് ഏൽക്കുകയായിരുന്നു.

കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അതിവേഗം തങ്ങള്‍ക്കുനേരെ പാഞ്ഞടുത്തതിനാലാണ് വെടിവെച്ചതെന്നാണ് ഇസ്രയേലിന്‍റെ വാദം. എന്നാല്‍ സൈന്യത്തിന്റെ നിർദ്ദേശപ്രകാരം വണ്ടി പൂർണ്ണമായും നിർത്തിയിരുന്നെന്നും സ്റ്റീയറിങ്ങിൽ നിന്ന് കൈകൾ ഉയർത്തിയ ഉടനെയാണ് സൈനികർ വെടിയുതിർത്തതെന്നും ഫഹദ് പറഞ്ഞു. പകൽ വെളിച്ചത്തിൽ തങ്ങൾ കുടുംബമായാണ് യാത്ര ചെയ്യുന്നതെന്ന് 10 മീറ്റർ മാത്രം അകലെയുണ്ടായിരുന്ന സൈനികന് വ്യക്തമായി കാണാമായിരുന്നെന്നും ഫഹദ് വ്യക്തമാക്കി. അതേസമയം, കുഞ്ഞും കുടുംബവും വെറും സാധാരണക്കാരാണെന്ന് സൈന്യം സമ്മതിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സൈന്യം അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഫഹദും ഭാര്യയും 11 വയസ്സുകാരനായ മറ്റൊരു മകനും ഫഹദിന്‍റെ മാതാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ് ഫഹദിന്‍റെ ഭാര്യ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുറ്റക്കാരനായ സൈനികനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഫഹദ് ആവശ്യപ്പെട്ടു. സംഭവത്തിൽ ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റും സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

സമാനമായ രീതിയിൽ കഴിഞ്ഞ മാർച്ചില്‍ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ പലസ്തീൻ ദമ്പതികളും രണ്ട് ചെറിയ കുട്ടികളും കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും യുദ്ധം ആരംഭിച്ചതിനുശേഷം 1,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് യുഎന്നിന്‍റെ കണക്ക്. ഇതിൽ 240-ലധികം കുട്ടികളുമുണ്ട്. ശനിയാഴ്ച ഗാസയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ വാദം.

ENGLISH SUMMARY:

A devastating military shooting by Israeli forces in the West Bank city of Hebron has resulted in the tragic death of a seven-month-old Palestinian infant. The newborn, identified as Sam Fahad Abu Haykal, was sitting in his mother's lap inside the family vehicle when troops opened fire. While the father maintained that he had fully stopped the car and raised his hands as instructed, the military claimed the vehicle was speeding towards them. The Israel Defense Forces later acknowledged that the occupants were peaceful civilians, officially expressing deep regret and launching an internal investigation into the operational failure. This targeted incident has sparked intense international condemnation, prompting the British Consulate in Jerusalem to formally demand a transparent and swift probe. According to recent United Nations data, the ongoing conflict has structurally claimed over one thousand Palestinian lives in the West Bank, including more than 240 children.