40 നാള്‍ നീണ്ട യുദ്ധത്തിന് താല്‍ക്കാലിക ആശ്വാസം ലഭിച്ചതിന് തൊട്ടുപിറകേ പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്ക. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഇരുന്നൂറ്റന്‍പതിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഇറാന്‍ വെറുതെയിരിക്കുമോ? വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അവര്‍ തിരിച്ചടിക്കുമോ? എന്ന് ഭീതിയോടെ ഉറ്റുനോക്കുകയാണ് ലോകം. ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും രംഗത്തെത്തി. ഇസ്രയേലിനെ കാന്‍സര്‍ എന്ന് വിശേഷിപ്പിച്ച ഖ്വാജ ആസിഫ് ആ രാജ്യം മനുഷ്യരാശിക്ക് തന്നെ ശാപമാണെന്നും കുറ്റപ്പെടുത്തി. ഗാസയ്ക്കും ഇറാനും പിന്നാലെ ലെബനനിലും ഇസ്രയേല്‍ വംശഹത്യ തുടരുകയാണെന്ന് ഖ്വാജ ആസിഫ് വിമര്‍ശിച്ചു. ഈ എക്സ് പോസ്റ്റ് ഖ്വാജ ആസിഫ് പിന്നീട് ഡിലീറ്റ് ചെയ്തു. യുഎസ് – ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥത വഹിച്ച പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നാണ് ഇങ്ങനെയാരു പ്രതികരണം ഉണ്ടായത് എന്നോര്‍ക്കണം.
ഖ്വാജ ആസിഫിന് കനത്ത മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും വിദേശകാര്യ മന്ത്രി ഗിദിയോൺ സാറും രംഗത്തെത്തി. ഖ്വാജ ആസിഫിന്‍റെ പ്രസ്താവന അങ്ങേയറ്റം പ്രകോപനപരവും വംശീയവുമാണെന്ന് ഇരുവരും പറഞ്ഞു. ഒരു സര്‍ക്കാരും ഇത്തരം ഭാഷ പ്രയോഗിക്കാന്‍ പാടില്ലെന്നും ഇസ്രയേല്‍ പ്രതികരിച്ചു. യുഎസ് – ഇറാന്‍ വെടിനിര്‍ത്തല്‍ നടപ്പായി മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ ലെബനന് മേല്‍ കനത്ത പ്രഹരമേല്‍പ്പിച്ചത്. അതും ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ആക്രമണം. ഇതോടെ ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചു. ഏപ്രില്‍ എട്ടിന് രാത്രി ഇസ്രയേല്‍ ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് നയിം ഖാസിമിന്റെ അനന്തരവന്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. മധ്യ ബെയ്‌റൂട്ടിലെ വാണിജ്യ, ജനവാസ മേഖലകളിലായിരുന്നു ആക്രമണം. 10 മിനിറ്റിനിടെ നൂറിലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതോടെയാണ് ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ നിന്ന് പിന്‍മാറുമെന്ന് താക്കീത് നല്‍കിയത്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചെങ്കിലും പിന്നീട് ഒരുദിവസം 15 കപ്പലുകള്‍ വരെ കടത്തിവിടാമെന്ന് അവര്‍ അറിയിച്ചു.
ഇസ്രയേലിന്‍റെ നീക്കങ്ങള്‍ പക്ഷേ അമേരിക്ക – ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസേന 140 കപ്പലുകള്‍ കടന്നുപോയിരുന്ന ഹോര്‍മുസ് കടലിടുക്ക് വഴി കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരേയൊരു എണ്ണക്കപ്പൽ മാത്രമാണ് പോയത്. ഇതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ രംഗത്തെത്തി. 'ഇതല്ല നമ്മൾ തമ്മിലുള്ള കരാർ' എന്നായിരുന്നു ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ചുങ്കം പിരിക്കാനുള്ള ഇറാന്റെ നീക്കം അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം വരും ദിവസങ്ങളില്‍ ഹോര്‍മുസ് വഴിയുളള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും ആശങ്കയുണ്ട്. അങ്ങനെ വന്നാല്‍ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം വീണ്ടും അവതാളത്തിലാകും. ആഗോള എണ്ണ വിപണിയിൽ വിലകയരും. ഇത് രാജ്യാന്തര സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇസ്രയേലിനെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ സമാധാനപ്രതീക്ഷ അസ്ഥാനത്താകാനും സാധ്യതയുണ്ട്.