trump-iran-us
  • രണ്ടാഴ്ചത്തേക്ക് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്
  • വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇറാന്‍
  • കരാര്‍ ചര്‍ച്ച വെള്ളിയാഴ്ച

ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഇറാനെ നശിപ്പിക്കുമെന്ന കടുത്ത ഭീഷണിക്ക് മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാഴ്ചത്തേക്ക് ഇറാനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇരുപക്ഷത്തും വെടിനിര്‍ത്തലുണ്ടാകുമെന്ന് പറഞ്ഞ ട്രംപ്, ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്‍റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ഇതോടെ പശ്ചിമേഷ്യന്‍ യുദ്ധത്തിന് താല്‍ക്കാലിക ആശ്വാസമാവുകയാണ്.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി അന്തിമ കരാറിൽ ഏർപ്പെടാൻ അമേരിക്ക ഈ രണ്ടാഴ്ചത്തെ സമയം ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഏപ്രില്‍ പത്തിന് ഇസ്‍ലാമാബാദില്‍ യുഎസ്– ഇറാന്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങള്‍ ഇസ്‍ലാമാബാദിലെത്തും. ചര്‍ച്ച നടക്കുമെന്ന് പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചർച്ചകൾക്ക് യുഎസ് ഇതുവരെ സമ്മതിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചത്.

ട്രംപിന്‍റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ അംഗീകരിച്ച് ഇറാനും രംഗത്തെത്തി. ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുമെന്നും രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് തുറക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. താൽക്കാലിക വെടിനിർത്തലല്ല മറിച്ച് അമേരിക്കയും ഇസ്രയേലും കൂടുതൽ ആക്രമണങ്ങൾ നടത്തില്ലെന്ന് ഉറപ്പുനൽകുന്ന ഒരു പൂർണ്ണ സമാധാന ഒത്തുതീർപ്പിന്‍റെ ഭാഗമായി മാത്രമേ കടലിടുക്ക് തുറക്കാൻ സമ്മതിക്കൂ എന്ന് ഇറാൻ മുമ്പ് പറഞ്ഞിരുന്നു. പത്തിന നിര്‍ദേശങ്ങളും ഇറാന്‍ യുഎസിന് മുന്നില്‍ വച്ചിട്ടുണ്ട്. ഹോര്‍മുസില്‍ ഇറാന്‍ സായുധ സേന മേല്‍നോട്ടം വഹിക്കും. യുഎസ് സേനയെ മേഖലയില്‍ നിന്ന് പിന്‍വലിക്കണം. ഉപരോധം പിന്‍വലിക്കണം എന്നിവ അടങ്ങുന്നതാണ് ഇറാന്‍റെ നിര്‍ദേശങ്ങള്‍.

അതേസമയം, ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ സഹകരിക്കണമെന്ന പ്രമേയം യുഎന്നില്‍ പരാജയപ്പെട്ടിരുന്നു. ബഹ്റൈന്‍ കൊണ്ടുവന്ന പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്യുകയായിരുന്നു. സൈനികഅകമ്പടിയോടെ ഹോര്‍മുസ് തുറക്കുന്നതിനെ ചൈനയും റഷ്യയും എതിര്‍ത്തു. 11 രാജ്യങ്ങള്‍ പ്രമേയം അംഗീകരിച്ചപ്പോള്‍ പാക്കിസ്ഥാന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടേയും റഷ്യയുടേയും നടപടിയെ അപലപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

In a major diplomatic shift, US President Donald Trump has announced a two-week ceasefire with Iran via Truth Social. Following discussions with Pakistan's leadership, Trump confirmed that Iran has agreed to reopen the strategic Strait of Hormuz for 14 days. This temporary truce aims to facilitate a high-level peace summit in Islamabad on April 10, 2026. While Iran's Foreign Minister Abbas Araghchi welcomed the move, the White House remains cautious about formal negotiations. Meanwhile, a UN resolution to secure the strait was recently vetoed by Russia and China, adding complexity to the peace process.