ലോകസമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള യുഎൻ പ്രമേയം പരാജയപ്പെട്ടു. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗിച്ചതോടെയാണ് ബഹ്‌റൈൻ അവതരിപ്പിച്ച പ്രമേയം തള്ളപ്പെട്ടത്. ഇറാനെതിരായ പക്ഷപാതപരമായ നീക്കമാണിതെന്ന് ആരോപിച്ചാണ് ഇരുരാജ്യങ്ങളും പ്രമേയത്തെ എതിർത്തത്. 15 അംഗ സമിതിയിൽ 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ പാക്കിസ്ഥാനും സ്ലോവേനിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ യുഎസ് നൽകിയ അന്ത്യശാസനം ഇറാൻ തള്ളിയതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. "ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി നശിക്കും" എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാക്കി. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്നാണ് ആഗോള ഇന്ധന കയറ്റുമതിയുടെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് ടെഹ്‌റാൻ അടച്ചത്. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ചരക്ക് നീക്കം തടസ്സപ്പെടുകയും ചെയ്തിരുന്നു.

റഷ്യയുടെയും ചൈനയുടെയും നിലപാടിനെ "താഴ്ന്ന നിലവാരം" എന്നാണ് യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് വിശേഷിപ്പിച്ചത്. ഗാസയിലേക്കും സുഡാനിലേക്കും എത്തേണ്ട മാനുഷിക സഹായങ്ങൾ പോലും തടസ്സപ്പെടുത്തുന്ന ഇറാന്റെ നടപടിയെ റഷ്യയും ചൈനയും പിന്തുണയ്ക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തോക്കിൻമുനയിൽ നിർത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും വീറ്റോയെ അപലപിച്ചു. എന്നാൽ, അമേരിക്കയുടെ ആക്രമണങ്ങൾക്ക് നിയമസാധുത നൽകാനുള്ള ശ്രമമാണ് ഇതിലൂടെ പരാജയപ്പെട്ടതെന്ന് ഇറാൻ പ്രതികരിച്ചു. അതേസമയം, പ്രശ്നപരിഹാരത്തിനായി യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതൻ ടെഹ്‌റാനിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്.

ENGLISH SUMMARY:

Strait of Hormuz shipping has been disrupted, with a UN resolution to restore traffic failing due to vetoes from China and Russia. This development intensifies war fears in the region as Iran previously closed the strait following attacks by the US and Israel.