• ഓസ്ട്രേലിയന്‍ പ്രതിരോധ ‘ഇതിഹാസം’ യുദ്ധക്കുറ്ളവാളിയായി കോടതിയില്‍. ബെന്‍ റോബര്‍ട്സ്–സ്മിത്ത് അഞ്ച് കൊലക്കേസുകളില്‍ പ്രതി. തെളിഞ്ഞാല്‍ ഓരോന്നിനും ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം.

ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സൈനികബഹുമതികള്‍ നേടിയിട്ടുള്ള പട്ടാളക്കാരന്‍ യുദ്ധകുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റില്‍. അഫ്ഗാനിസ്ഥാനില്‍ നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തിയ കേസിലാണ് മുന്‍ സ്പെഷല്‍ എയര്‍ സര്‍വീസ് കോര്‍പറല്‍ ബെന്‍ റോബര്‍ട്സ് സ്മിത്തിനെ അറസ്റ്റ് ചെയ്തത്. യുദ്ധക്കുറ്റവാളി എന്ന നിലയില്‍ ബെന്‍ വിചാരണ നേരിടേണ്ടിവരും. ഇന്നലെ രാവിലെ സിഡ്നി വിമാനത്താവളത്തില്‍ വിമാനത്തിലേക്ക് കയറുന്നതിനിടെയാണ് സ്മിത്തിനെ നാടകീയമായി അറസ്റ്റ് ചെയ്തത്.

2009നും 2012നുമിടയില്‍ അഫ്ഗാനിസ്ഥാനില്‍ സൈന്യം തടവിലാക്കിയ സാധാരണക്കാരില്‍ പലരെയും സ്മിത്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം. നിരായുധരായ മനുഷ്യരെ വെടിവച്ചുകൊല്ലുകയോ ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സിലെ കീഴുദ്യോഗസ്ഥരെക്കൊണ്ട് കൊലപ്പെടുത്തുകയോ ചെയ്തുവെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് കമ്മിഷണര്‍ ക്രിസി ബാരെറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഡിഎഫ് അംഗങ്ങള്‍ ഇത്തരത്തില്‍ 39 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടെന്ന് 2020ലെ ബ്രേറെട്ടണ്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

നാല്‍പ്പത്തേഴുകാരനായ ബെഞ്ചമിന്‍ റോബര്‍ട്സ് സ്മിത്ത് 1996ലാണ് ഓസ്ട്രേലിയന്‍ സൈന്യത്തില്‍ ചേരുന്നത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ജനിച്ച ബെന്‍ 2015ല്‍ ഓസ്ട്രേലിയന്‍ ആര്‍മി റിസര്‍വ്‍സില്‍ നിന്നാണ് വിരമിച്ചത്. ഈസ്റ്റ് തിമോര്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വിക്ടോറിയ ക്രോസ് ഉള്‍പ്പെടെ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സൈനിക ബഹുമതികള്‍ നേടിയിട്ടുള്ള ബെന്‍ പ്രതിരോധരംഗത്തെ ഇതിഹാസമായാണ് വാഴ്ത്തപ്പെട്ടിരുന്നത്. ആരോപിക്കപ്പെട്ടിരിക്കുന്ന യുദ്ധകുറ്റകൃത്യങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ ഓരോന്നിനും ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം.

മാധ്യമപോരാട്ടവും തിരിച്ചടിയും: 2018-ൽ 'നയൻ എന്റർടൈൻമെന്റ്' ഗ്രൂപ്പിന്‍റെ ഭാഗമായ ദിനപത്രങ്ങളാണ് സ്മിത്തിനെതിരെ ആദ്യമായി ആരോപണങ്ങൾ ഉന്നയിച്ചത്. നിരായുധനായ ഒരു കൗമാരക്കാരനെ വെടിവെച്ചു കൊന്നെന്നും കൈവിലങ്ങിട്ട ഒരാളെ മലഞ്ചെരിവിൽ നിന്ന് ചവിട്ടി താഴെയിട്ട ശേഷം വെടിവെച്ചു കൊന്നെന്നും ദ് സിഡ്നി മോണിങ് ഹെറാള്‍ഡ് ഉള്‍പ്പെടെയുള്ള നയന്‍ ഗ്രൂപ്പ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെതിരെ സ്മിത്ത് മാനനഷ്ടക്കേസ് നൽകിയെങ്കിലും 2023–ൽ ഫെഡറൽ കോടതി വാര്‍ത്തകളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. 2025ല്‍ സ്മിത്ത് നൽകിയ അപ്പീല്‍ ഹൈക്കോടതിയും തള്ളിയിരുന്നു.

അഫ്ഗാൻ യുദ്ധകാലത്ത് ഓസ്‌ട്രേലിയൻ സ്പെഷ്യൽ എയർ സർവീസ് റെജിമെന്റ് (SAS) നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ 2021-ലാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റർ (OSI) അന്വേഷണം തുടങ്ങിയത്. നിലവിൽ 10 സൈനികർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. മറ്റൊരു മുൻ സൈനികനെതിരായ വിചാരണ അടുത്ത വർഷം ആരംഭിക്കും. അഫ്ഗാനിസ്ഥാനിലെ യുദ്ധഭൂമിയിൽ നേരിട്ട് പോയി തെളിവുകൾ ശേഖരിക്കാൻ കഴിയാത്തത് അന്വേഷണത്തെ വെല്ലുവിളിയാക്കിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ബെന്‍ സ്മിത്തിനെ ന്യൂ സൗത്ത് വെയ്ൽസ് കോടതിയിൽ ഹാജരാക്കും.

From War Hero to Accused Criminal: Ben Roberts-Smith Arrested for Afghanistan Murders:

Australia's most decorated living soldier, Ben Roberts-Smith, was arrested at Sydney Airport on Tuesday for alleged war crimes committed in Afghanistan between 2009 and 2012. The 47-year-old former SAS corporal faces five counts of murder involving unarmed civilians who were reportedly under the control of Australian forces at the time. This arrest follows a long legal battle, including a failed high-profile defamation suit against media outlets that first exposed the allegations. If convicted, the Victoria Cross recipient faces a maximum penalty of life imprisonment for each charge.