യു.എസ്– ഇറാന്‍ സംഘര്‍ഷത്തില്‍ 45 ദിവസത്തെ വെടിനിര്‍ത്തലിന് ചര്‍ച്ചകള്‍ നടക്കുന്നതായി വിവരം. ചര്‍ച്ച വിജയകരമാകുമെങ്കില്‍ സംഘര്‍ഷം അവസാനിക്കാനുള്ള വഴിതെളിയും. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിരന്തരം അന്ത്യശാസനം മുഴക്കുന്നതിനിടയിലാണ് യുദ്ധം അവസാനിപ്പിക്കാനുള്ള കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത്. പാക്കിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരാണ് ചര്‍ച്ചയില്‍ ഭാഗമായത്.

48 മണിക്കൂറിനുള്ളില്‍ ഭാഗിക കരാറുണ്ടാകുമെന്നാണ് അക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് യു.എസ്, ഇസ്രയേലി സോഴ്സുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് തുറയ്ക്കാന്‍ ട്രംപ് ഇറാന് 48 മണിക്കൂര്‍ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കും എന്നാണ് ഭീഷണി. മധ്യസ്ഥരുടെ ചര്‍ച്ചയ്ക്കൊപ്പം ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്​ചിയും തമ്മില്‍ ടെക്സ്റ്റ് മെസേജുകളിലൂടെ ബന്ധപ്പെടുകയും ചെയ്തു. 

പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം രണ്ടു ഘട്ടങ്ങളിലായാണ് കരാര്‍ നടപ്പിലാക്കുക. 45 ദിവസത്തെ വെടിനിർത്തലായിരിക്കും ഇതില്‍ ആദ്യം. ഈ കാലയളവിൽ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകൾ നടക്കും. ഇറാനുമായി യു.എസ്  ആഴത്തിലുള്ള ചർച്ചകള്‍ നടത്തുകയാണെന്നും ചൊവ്വാഴ്ചത്തെ അവസാന തീയതിക്ക് മുന്‍പ് കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അവര്‍ കരാറിലെത്തിയില്ലെങ്കില്‍ അവിടെയുള്ളതെല്ലാം ഞാന്‍ തകര്‍ക്കാന്‍ പോവുകയാണ് എന്നാണ് ട്രംപ് നല്‍കിയ മുന്നിറിയിപ്പ്. 

നേരത്തെ നടന്ന ചര്‍ച്ചകളില്‍ ട്രംപ് ഭരണകൂടം ഇറാനു മുന്നില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ വച്ചെങ്കിലും ഒന്നും അംഗീകരിച്ചിരുന്നില്ല. ഇറാന്‍റെ യുറേനിയം ശേഖരത്തിനുള്ള പരിഹാരവും ഹോര്‍മുസ് മുഴുവനായി തുറക്കുന്നതും അടിസ്ഥാനമാക്കിയാണ് പുതിയ കരാറുണ്ടാക്കുക. ഇറാന്‍റെ യുറേനിയം ശേഖരം നേര്‍പ്പിക്കുകയോ രാജ്യത്ത് നിന്ന് നീക്കം ചെയ്യുകയോ വേണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നത്. ഇറാന്‍റെ ആണവ പദ്ധതികളെ തകര്‍ക്കാനെന്ന പേരിലാണ് അഞ്ച് ആഴ്ച മുന്‍പ് യു.എസ്– ഇസ്രയേല്‍ സംയുക്ത സേന ഇറാനില്‍ വ്യോമാക്രമണം തുടങ്ങിയത്. 

ENGLISH SUMMARY:

US Iran conflict talks for a 45-day ceasefire are reportedly underway, potentially paving the way for an end to the escalating tensions. This significant diplomatic effort comes amidst President Trump's persistent ultimatums, with mediators from Pakistan, Turkey, and Egypt playing a crucial role.