അമേരിക്കയിലേക്കുള്ള യാത്രാമധ്യേ യാത്രക്കാരന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനായി ക്വാണ്ടാസ് വിമാനം തിരിച്ചിറക്കി. സിഡ്‌നി വിമാനത്താവളത്തിൽ നിന്നും ടെക്സസിലേക്ക് പോകുകയായിരുന്ന വിമാനമാണ് യാത്ര തുടങ്ങി മണിക്കൂറുകൾക്ക് പിന്നാലെ താഴെയിറക്കിയത്. തുടർന്ന് പൈലറ്റ് സമുദ്രത്തിന് മുകളില്‍വച്ച് ഇന്ധനം തുറന്നുവിട്ട ശേഷം തിരിച്ച് ലാന്‍‍ഡ് ചെയ്യുകയായിരുന്നു.

വിമാനത്തിലെ യാത്രക്കാരിൽ ഓസ്‌ട്രേലിയൻ ഒളിമ്പിക് ഡൈവർ സാം ഫ്രിക്കറും ഉണ്ടായിരുന്നു. വിമാനത്തില്‍ സംഭവിച്ചതെന്തെന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം വ്യക്തമാക്കുകയും ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പുറപ്പെട്ടതിന് പിന്നാലെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ക്യാബിൻ ക്രൂ അടിയന്തര സഹായം നൽകുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. വിമാന ജീവനക്കാർ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെ മെഡിക്കൽ പ്രൊഫഷണലുകളെ ബന്ധപ്പെടുകയും ചെയ്തു. അവരുടെ നിര്‍ദേശപ്രകാരം ക്യാപ്റ്റൻ വിമാനം തിരിച്ചിറക്കുകയായിരുന്നു.

അതേസമയം, കടലിന് മുകളില്‍ വച്ച് പൈലറ്റ് വിമാനത്തിന്‍റെ ഇന്ധനം തുറന്നുവിടുന്നതായുള്ള മറ്റൊരു വിഡിയോയും ഫ്രിക്കര്‍ പങ്കിട്ടിട്ടുണ്ട്. ‘അവർ ഇന്ധനം കളയുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. കാരണം അത്രത്തോളം പ്രതിസന്ധിയുള്ള സമയമാണിത്. അത് എത്രത്തോളം ചെലവേറിയതായിരിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. പക്ഷേ ആ ഇന്ധനത്തേക്കാളും വിലയുണ്ട് ഒരു മനുഷ്യജീവന്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനെ ആ ഇന്ധനത്തേക്കാളും അവര്‍ വിലമതിക്കുന്നു’ ഫ്രിക്കര്‍ പറയുന്നു. ഇന്ധനം തുറന്നുവിടാനായി മണിക്കൂറുകളോളം ആകാശത്ത് തുടര്‍ന്നിട്ടാണ് വിമാനം തിരിച്ചറക്കിയത്.

എമര്‍ജന്‍സി ഫ്യുവല്‍ ഡംപിങ് (Emergency fuel dumping)

ക്വാണ്ടാസ് പറക്കുന്ന വിമാനങ്ങൾ ഉൾപ്പെടെ ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ, യാത്ര പൂർത്തിയാക്കാൻ കൂടുതല്‍ ഇന്ധനവുമായാണ് പറന്നുയരുന്നത്. എന്നാല്‍ യാത്ര തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഉടന്‍ തിരിച്ചിറക്കേണ്ടി വന്നാല്‍ ഈ ഇന്ധനം കാരണം സുരക്ഷിത ലാൻഡിങിനുള്ള പരമാവധി ഭാരത്തേക്കാൾ വളരെ കൂടുതലായിരിക്കും വിമാനത്തിന്‍റെ ഭാരം. തുടര്‍ന്ന് ലാൻഡിങിന് മുമ്പ് ഭാരം സുരക്ഷിതമായി കുറയ്ക്കുന്നതിനായാണ് പൈലറ്റുമാർ പലപ്പോഴും ഉയർന്ന ഉയരത്തിൽ ഇന്ധനം പുറന്തള്ളുന്നത്. സ്റ്റാൻഡേർഡ് സുരക്ഷാ നടപടിക്രമമാണിത്. ഇത് ഒരു സാധാരണ പ്രക്രിയയാണെങ്കിലും നിലവിലുള്ള ഇന്ധന പ്രതിസന്ധി കാരണം ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. 

ENGLISH SUMMARY:

A Qantas flight traveling from Sydney to Texas was forced to make an emergency return after a passenger experienced a medical crisis mid-air. To ensure a safe landing, the pilot performed a standard safety procedure by dumping fuel over the ocean to reduce the aircraft's weight. Australian Olympic diver Sam Fricker, who was on board, shared dramatic footage of the fuel dump and praised the crew for prioritizing human life over expensive fuel costs. Despite the ongoing global fuel crisis, the airline followed strict safety protocols for the emergency landing at Sydney Airport.