FILE PHOTO: An exterior view of the Oracle Field Office at Wilson Boulevard in Arlington, Virginia, U.S., October 18, 2019. Earlier in the day, Oracle CEO Mark Hurd passed away at the age of 62. REUTERS/Tom Brenner/File Photo
യുഎസ് ടെക് ഭീമനായ ഒറാക്കിള്‍ അവരുടെ ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ നിന്ന് 12,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഒരുമാസത്തിനുള്ളില്‍ കൂടുതല്‍ പേരെ പിരിച്ചുവിടുമെന്നാണ് സൂചന. രാജ്യാന്തര തലത്തില്‍ 30,000 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. കൂട്ടപ്പിരിച്ചുവിടലില്‍ ഔദ്യോഗിക പ്രതികരണത്തിന് ഒറാക്കിള്‍ ഇതുവരെ തയാറായിട്ടില്ല.
സ്ഥാപനത്തിലെ ചില മാറ്റങ്ങളുടെ ഭാഗമായി നിങ്ങളുടെ സേവനം കമ്പനിക്ക് ഇനി ആവശ്യമില്ലെന്നും മതിയാക്കുകയാണെന്നും പിരിച്ചുവിടപ്പെട്ടവര്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. പിരിച്ചുവിടപ്പെട്ടവരില്‍ ഒരു വര്‍ഷമെങ്കിലും ഒറാക്കിളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് 15 ദിവസത്തെ വേതനം നല്‍കുമെന്നും ഇതിന് പുറമെ ടെര്‍മിനേഷന്‍ തീയതി വരെയുള്ള ഒരു മാസത്തെ ശമ്പളവും ലീവ് എന്‍കാഷ്മെന്‍റും, മറ്റ് ആനുകൂല്യങ്ങളും ജീവനക്കാരുടെ യോഗ്യത അനുസരിച്ച് നല്‍കുമെന്നും മെയിലില്‍ വ്യക്തമാക്കുന്നു.
കമ്പനിയില്‍ നിന്ന് സ്വയം രാജിവച്ച് പോകുന്നവര്‍ക്കായി പ്രത്യേക പാക്കേജും ഒറാക്കിള്‍ ഏര്‍പ്പെടുത്തി. 16 മണിക്കൂര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തിയതില്‍ പരാതിപ്പെട്ടതിന് തന്നെ സെപ്റ്റംബറില്‍ കമ്പനി പുറത്താക്കിയെന്ന് മെര്‍ഗു ശ്രീധര്‍ എന്ന മുന്‍ ജീവനക്കാരന്‍ സമൂഹമമാധ്യമങ്ങളില്‍ കുറിച്ചു. പുതിയ പിരിച്ചുവിടല്‍ വാര്‍ത്ത അറിഞ്ഞ് താന്‍ എച്ച്ആര്‍ വിഭാഗത്തിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടുവെന്നും യുഎസിലെ പുതിയ നിയമങ്ങള്‍ അനുസരിച്ച് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് അവര്‍ വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
കഴിഞ്ഞ മേയില്‍ ലോകമെങ്ങും നിന്നായി 1,62000 ജീവനക്കാരെ ഒറാക്കിള്‍ പിരിച്ചുവിട്ടിരുന്നു. 2019 മുതല്‍ ഒറാക്കിളില്‍ ജോലി ചെയ്തിരുന്നതാണ് താനെന്നും എന്നാല്‍ ഒരു സുപ്രഭാതത്തില്‍ തൊഴില്‍രഹിതയായെന്നും ഒരു യുവതി ലിങ്ഡ്ഇനില്‍ കുറിച്ചു. സീനിയര്‍ തസ്തികയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ' ഈ സമയവും കടന്നുപോകുമെന്നും ഒരു വഴി അടയുമ്പോള്‍ മറ്റ് സാധ്യതകള്‍ മുന്നില്‍ തുറക്കുമെന്നും അതിനായി ക്ഷമയോടെ കാത്തിരുന്നാല്‍ മതിയെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്ന് അവര്‍ കുറിപ്പില്‍ പറയുന്നു. പിരിച്ചുവിടപ്പെട്ടുവെന്നതല്ല ഓരോ ജീവനക്കാരുടെയും പ്രതിഭയും കഴിവും അളക്കുന്ന കാര്യമെന്നും ഭാവി ഇതിലൊന്നും അവസാനിച്ച് പോകുന്നില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.